ചാര്‍ലി കിര്‍ക്ക് വധത്തില്‍ ടൈലര്‍ റോബിന്‍സനെ ഘാതകനെന്നുറപ്പിക്കാന്‍ ഡിഎന്‍എ ഫലം തെളിവായി മാറുന്നു

വാഷിങ്ടന്‍: ചാര്‍ലി കിര്‍ക്കിന്റെ ഘാതകനായി സംശയിക്കപ്പെട്ട് പിടിയിലായിരിക്കുന്ന ടൈലര്‍ റോബിന്‍സന്റെ ഡിഎന്‍എ കൊലപാതക സ്ഥലത്തുനിന്ന് കണ്ടെത്തിയ വസ്തുക്കളിലെ ഡിഎന്‍എയുമായി പൊരുത്തപ്പെടുന്നതാണെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ ഡയറക്ടര്‍ കാശ് പട്ടേല്‍ വെളിപ്പെടുത്തി. സംഭവസ്ഥലത്തു നിന്ന് പ്രതി ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന റിവോള്‍വര്‍, അതു പൊതിയാനുപയോഗിച്ചിരുന്ന ടവല്‍, ഒരു സ്‌ക്രൂ ഡ്രൈവര്‍ എന്നിവ കണ്ടെടുത്തിരുന്നു. ഇവയില്‍ നിന്നെല്ലാം ഡിഎന്‍എ വേര്‍തിരിച്ചെടുക്കാനും അന്വേഷണ ഏജന്‍സികള്‍ക്കു സാധിച്ചിരുന്നു. അവയുമായാണ് ഇപ്പോള്‍ പിടിയിലുള്ള ടൈലറുടെ ഡിഎന്‍എ പൊരുത്തപ്പെടുന്നതായി കണ്ടെത്തിയിരിക്കുന്നത്.
പ്രതിയെന്നു സംശയിക്കപ്പെട്ട് ഇപ്പോള്‍ പിടിയിലായിരിക്കുന്ന ടൈലര്‍ കടുത്ത ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നതായി അദ്ദേഹത്തിന്റെ കുടുംബാംങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയമായ താല്‍പര്യങ്ങള്‍ കൊലപാതകത്തിനു പിന്നിലുണ്ടെന്നു സംശയിക്കാന്‍ ഇതാണ് ഒരു കാരണം. എന്നാല്‍ ഇയാളുടെ കുടുംബാംഗങ്ങള്‍ റിപ്പബ്ലിക്കന്‍ അനുഭാവികളാണ്. കൊലപാതകം നടന്ന് 33 മണിക്കൂറുകള്‍ ആയപ്പോള്‍ തന്നെ അന്വേഷണം റോബിന്‍സണിലേക്കെത്താന്‍ സഹായിച്ചത് ഇയാളുടെ കുടുംബാംഗങ്ങള്‍ തന്നെ വെളിപ്പെടുത്തിയ വിവരങ്ങളാണെന്നും കാഷ് പട്ടേല്‍ വ്യക്തമാക്കി. റോബിന്‍സണ്‍ അമേരിക്കയിലെ രജിസ്‌റ്റേഡ് വോട്ടറാണെങ്കിലും അയാള്‍ക്ക് പ്രായപൂര്‍ത്തിയായിക്കഴിഞ്ഞ് ആദ്യമായി നടന്ന കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ഇയാള്‍ വോട്ടവകാശം വിനിയോഗിച്ചിട്ടുമില്ല. ഇതും ഇയാളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു തെളിവാണെന്നു പട്ടേല്‍ വെളിപ്പെടുത്തി.