കാര്‍ട്ടണ്‍ കമ്പനി ദിവ്യയുടെ അഴിമതിയോ, വിജിലന്‍സിനെ ഹൈക്കോടതി വെറുതെ വിടുന്നില്ല

കൊച്ചി: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരേ അഴിമതി ആരോപിച്ച് പരാതി കൊടുത്തെങ്കിലും വിജിലന്‍സ് ഒന്നും ചെയ്തില്ലെന്ന് പരാതിക്കാരന്‍. അതല്ല, അന്വേഷണത്തിന് സര്‍ക്കാരിനോട് അനുമതി തേടിയിരുന്നുവെന്ന് വിജിലന്‍സ്. എഡിജിപിയുടെ അഴിമതി കേസിലെന്നതു പോലെ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റിന്റെ അഴിമതിയിലും ഹൈക്കോടതി തന്നെ രക്ഷ.
ദിവ്യയക്കെതിരേ വിജിലന്‍സില്‍ കേസ് നല്‍കിയ കെഎസ്‌യു നേതാവ് മുഹമ്മദ് ഷമ്മാസാണ് അന്വേഷണം മരവിപ്പിച്ചതായി ആരോപിച്ച് ഹൈക്കോടതിയിലെത്തിയത്. തന്റെ പരാതി വിജിലന്‍സ് അട്ടിമറിക്കുകയാണെന്നാണ് ഷമ്മാസിന്റെ ആരോപണം. ഇതില്‍ വിജിലന്‍സിന്റെ വിശദീകരണം ഹൈക്കോടതി തേടിയിരുന്നു. ഇന്നലെയാണ് വിജിലന്‍സ് ഹൈക്കോടതിക്ക് മറുപടി നല്‍കുന്നത്. അനുമതി തേടിയിരുന്നുവെങ്കില്‍ ആ കാര്യത്തില്‍ എന്തു തുടര്‍നടപടിയാണുണ്ടായതെന്നു വ്യക്തമാക്കണമെന്നും പുരോഗതി അറിയിക്കണമെന്നും കോടതി പുതിയ നിര്‍ദേശം നല്‍കി. ഇനി സെപ്റ്റംബര്‍ 18ന് കേസ് കോടതിയുടെ പരിഗണനയ്ക്കു വരും. അപ്പോഴാണ് വിജിലന്‍സ് അന്വേഷണ പുരോഗതി അറിയിക്കേണ്ടത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോള്‍ പി പി ദിവ്യ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലന്‍സിനു നല്‍കിയ പരാതിയില്‍ ഷമ്മാസ് ആരോപിക്കുന്നത്. എന്നാല്‍ ഉന്നത ഇടപെടലിന്റെ ഭാഗമായി അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. പരാതി നല്‍കി ആറു മാസമായിട്ടും പരാതിക്കാരനായ തന്നോട് വിജിലന്‍സ് മൊഴി നല്‍കാന്‍ ആവശ്യപ്പെടുക പോലും ചെയ്തില്ലെന്ന് ഷമ്മാസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ദിവ്യയും ഭര്‍ത്താവും ചേര്‍ന്ന് കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചത് അഴിമതിയുടെ ഭാഗമാണെന്നാണ് ഷമ്മാസിന്റെ ആരോപണം.