വിവാഹ മോചന കേസുകളില്‍ പങ്കാളിയുടെ സ്വകാര്യ ഫോണ്‍ വിവരങ്ങള്‍ക്ക് തെളിവുമൂല്യമുണ്ടെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ഇത്തരത്തില്‍ തെളിവു സമ്പാദനത്തിനായി രഹസ്യ സ്വഭാവത്തോടെ കോള്‍ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് സ്വകാര്യതാ സംരക്ഷണത്തിന്റെ പേരില്‍ തെളിവുമൂല്യം നിഷേധിക്കാനാവില്ലെന്നു സുപ്രീംകോടതിയുടെ വിധി വ്യക്തമാക്കുന്നു.
ഇത്തരം തെളിവുകള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ വിധി വന്നിരിക്കുന്നത്. ഇത്തരത്തില്‍ തെളിവുകള്‍ സമ്പാദിക്കുന്നത് ബന്ധപ്പെട്ട പങ്കാളിയുടെ മൗലികാവകാശങ്ങളുടെ ലംഘനമാകില്ലെന്നു സുപ്രീംകോടതി എടുത്തു പറയുന്നു. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുന്ന വിധി പുറപ്പെടുവിച്ചത്. വിവാഹമോചന കേസുകളില്‍ തെളിവു ശേഖരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങള്‍ക്ക് ഇതോടെ അവസാനമായിരിക്കുകയാണ്. ഭാര്യയുടെ ദാമ്പത്യ അവിശ്വസ്തത ആരോപിച്ച് പഞ്ചാബ് സ്വദേശിയായ ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹമോചന കേസിലാണ് ഭാര്യയുടെ മൗലികാവകാശ ലംഘനത്തിന്റെ പേരു പറഞ്ഞ് സ്വകാര്യ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡ് ചെയ്തു സമര്‍പ്പിച്ച രേഖയ്ക്ക് പഞ്ചാബ് ഹൈക്കോടതി തെളിവുമൂല്യം നിഷേധിച്ചത്. ആ വിധി അസാധുവാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധിയെത്തിയിരിക്കുന്നത്.
വിവാഹമോചന കേസുകളില്‍ ഫോണ്‍ രേഖകള്‍ തെളിവാക്കാം
