സിഡ്‌നി: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിയുടെ കഴിഞ്ഞയാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഒപ്പു വച്ച് അവശ്യ ധാതുക്കളുടെ കൈമാറ്റത്തിനുള്ള കരാര്‍ പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കകള്‍ കൂടി ഉണര്‍ത്തുന്നതാണെന് കാഴ്ചപ്പാടിനു പ്രചാമേറുന്നു. രാജ്യത്തിന്റെ പരിസ്ഥിതിക്കും കാര്‍ഷിക മേഖലകള്‍ക്കുമാണിതു വെല്ലുവിളിയാകുന്നതെങ്കില്‍ അടിസ്ഥാന സൗകര്യ വികസനത്തിനു മുതല്‍കൂട്ടുമാണെന്നുമുള്ള വിരുദ്ധ അഭിപ്രായങ്ങളാണ് ഉയരുന്നത്.
ഇരുപത്തയ്യായിരം കോടി രൂപയുടെ കരാറാണ് ട്രംപുമായി ആല്‍ബനീസി ഒപ്പുവച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ ശൈശവാവസ്ഥയിലുള്ള അവശ്യ ധാതു ഖനനത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ഈ തുക സഹായിക്കുമെന്ന കാഴ്ചപ്പാടാണ് പദ്ധതിയെ അനുകൂലിക്കുന്നവര്‍ക്കു നിരത്താനുള്ളത്. എന്നാല്‍ അമേരിക്കയുടെ ആവശ്യങ്ങള്‍ക്കു തികയുന്നത്ര ധാതുക്കള്‍ നല്‍കാന്‍ ഓസ്‌ട്രേലിയയ്ക്ക് ഏതു കാലത്തു കഴിയുമെന്ന ചോദ്യം അപ്പോഴും ബാക്കിയാകുന്നു. കാരണം അവശ്യ ധാതുക്കളുടെ ഖനന മേഖല ഓസ്‌ട്രേലിയയില്‍ ഇനിയും വളരേണ്ടതായിട്ടുണ്ട്.
നിലവില്‍ ഓസ്‌ട്രേലിയയ്ക്ക് വികസിച്ചു കഴിഞ്ഞ രണ്ടു ഘനന മേഖലകള്‍ മാത്രമാണുള്ളത്. അതു രണ്ടും പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ സംസ്‌കരണത്തിനു വേണ്ട സാങ്കേതിക വിദ്യയോ തൊഴിലാളി ലഭ്യതയോ നിലവില്‍ തീരെ അപര്യാപ്തമാണ്. ഖനനം ചെയ്‌തെടുക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഇപ്പോള്‍ സംസ്‌കരണത്തിനായി ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്. അവിടങ്ങളില്‍ സംസ്‌കരണ സൗകര്യമുണ്ടെന്നതിനു പുറമെ വിദഗ്ധ തൊഴിലാളികളെ കുറഞ്ഞ ചെലവില്‍ ലഭിക്കാനുമുണ്ട്. എന്നിരിക്കിലും ഈ കച്ചവടത്തില്‍ നിന്നു ലഭിക്കുന്ന പണം ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാമല്ലോയെന്ന വികാരമാണ് ഇതിനെ അനുകൂലിക്കുന്നവര്‍ നിരത്തുന്നത്.
ഇത്രതന്നെ ഗൗരവതരമായ മറ്റൊരു കാര്യം, സംസ്‌കരണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അതിനൊപ്പം വന്നെത്തുന്ന മലിനീകരണ സാധ്യതകളാണ്. പലപ്പോഴും അണുവികിരണ ശേഷിയുള്ള വസ്തുക്കളാണ് അവസാനം ശേഷിക്കുക. ചൈനയില്‍ പോലും ഇതു വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതുപോലെ ഗുരുതരമായ പ്രതിസന്ധിയായിരിക്കും കാര്‍ഷിക മേഖലയ്ക്കുണ്ടാകാന്‍ പോകുന്നത്. അവശ്യ ധാതുക്കളുടെ ശേഖരങ്ങള്‍ കണ്ടെത്തിയിരിക്കുന്ന സ്ഥലങ്ങളെല്ലാം മികച്ച കാര്‍ഷിക ഭൂമിയാണ്. ഖനനം മൂലം ആത്യന്തികമായി നശിക്കാന്‍ പോകുന്നത് കൃഷിയായിരിക്കുമെന്ന ആശങ്ക പങ്കുവയ്ക്കുന്നവരും ധാരാളം.

