കൊച്ചി: ഓണം കഴിഞ്ഞു, കേരളത്തിലെ വൈറ്റ്ഗുഡ്സ് അഥവാ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന കടകളിലെയൊക്കെ ഓഫര്‍ പെരുമഴയും കഴിഞ്ഞു. ഈ ഓഫര്‍ കാലത്ത് ഏറെ ശ്രദ്ധേയമായൊരു വിധി ഇന്നലെ പുറത്തു വന്നിരിക്കുകയാണ്. ഓഫര്കാല തട്ടിപ്പുകളിലൊന്നാണിത്. ഏതെടുത്താലും എക്സ്റ്റന്‍ഡഡ് വാറന്റി എല്ലാവരുടെയും ഓഫറുകളുടെ ഭാഗമാണ്. നിശ്ചിത തുക അടച്ചാല്‍ കമ്പനിയുടെ വാറന്റി കാലം കഴിഞ്ഞാലും ഒന്നോ രണ്ടോ വര്‍ഷം കൂടി വാറന്റി കടക്കാരന് കൊടുക്കുമെന്നതാണ് ഇതിന്റെ കാതല്‍.
കേരളത്തിലെ പ്രമുഖ വൈറ്റ്ഗുഡ്സ് ഡീലറായ ബിസ്മി അപ്ലയന്‍സസിനും ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാവായ ഫിലിപ്സ് ഇന്ത്യ ലിമിറ്റഡിനും എതിരേയാണ് ഈ വിധി വന്നിരിക്കുന്നത്. വൈറ്റില സ്വദേശി സുനിത ബിനുകുമാര്‍ 2015ല്‍ ബിസ്മിയില്‍ നിന്നും ഒരു ഫിലിപ്സ് എല്‍ഇഡി ടിവി വാങ്ങിയിരുന്നു. ഇതിന് കമ്പനി നല്കിയ മൂന്നു വര്‍ഷ വാറന്റിക്കു പുറമെ ഡീലര്‍ സ്വന്തം നിലയില്‍ രണ്ടു വര്‍ഷത്തെ വാറന്റി കൂടി നല്‍കിയിരുന്നു. ഈ വാറന്റിക്ക് പ്രതിഫലമായി 2690 രൂപ കൈപ്പറ്റുകയും ചെയ്തു. സുനിതയുടെ വീട്ടിലെത്തിയ ടിവി കമ്പനി വാറന്റി കഴിഞ്ഞയുടന്‍ കേടായി. എന്നാല്‍ വാറന്റി കാലം കഴിഞ്ഞെന്നു പറഞ്ഞ് ഡീലര്‍ കൈയൊഴിയുകയും ചെയ്തു. അഥവാ നന്നാക്കണമെങ്കില്‍ അതിനു കൂലിയായി 2200 രൂപ വേണമെന്നാണ് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് സുനിത ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ പരാതിയുമായെത്തി അനുകൂല ഉത്തരവ് സമ്പാദിച്ചിരിക്കുകയാണ്.
ഈ ഉത്തരവനുസരിച്ച് എതിര് കക്ഷികള്‍ സുനിതയുടെ ടിവി നന്നാക്കിക്കൊടുക്കണം. അതിനു പ്രതിഫലമൊന്നും വാങ്ങാനുമാവില്ല. ഇനി അഥവാ നന്നാക്കാനാകുന്നില്ലെങ്കില്‍ ടിവിയുടെ വിലയുടെ പകുതിയായ 13500 രൂപ നഷ്ടപരിഹാരമായി നല്‍കണം. ഇതിനു പുറമെ പരാതിക്കാരിക്കുണ്ടായ മാനസിക വിഷമത്തിനും മറ്റും നഷ്ടപരിഹാരമായി 15000 രൂപയും നല്‍കണം. ഇതിനും പുറമെ കോടതിച്ചെലവ് ഇനത്തില്‍ അയ്യായിരം രൂപ കൂടെയും കൊടുക്കണം. ഇതിനു കൃത്യം സമയപരിധിയും നിശ്ചയിച്ചിരിക്കുന്നു-30 ദിവസം.
ഈ ഓഫര്‍ കാലത്ത് ഏറെ വൈറലായൊരു ഫേസ്ബുക്ക് പോസ്റ്റുമുണ്ട്. അത് അയ്യായിരം രൂപയുടെ എല്‍ഇഡി ടിവി സംബന്ധിച്ചാണ്. എല്ലാ വൈറ്റ്ഗുഡ്സ് പരസ്യത്താളുകളിലും ഏറ്റവും മുകളിലായി ചേര്‍ക്കുന്ന ഓഫറാണ് 5000 രൂപയ്ക്ക് 32 ഇഞ്ച് എല്‍ഇഡി ടിവി എന്നത്. പോസ്റ്റിട്ടയാള്‍ ചോദിക്കുന്നത് ഈ വിലയ്ക്ക് ടിവി വാങ്ങിയ ഒരാളെയെങ്കിലും കേരളത്തില്‍ എവിടെ നിന്നെങ്കിലും കാട്ടിത്തരാമോ എന്നാണ്. പോസ്റ്റിട്ടയാള്‍ കൊച്ചിയിലെ ഒരു ഡസനിലധികം പ്രമുഖ കടകളില്‍ ഈ പറയപ്പെടുന്ന ടിവി വാങ്ങാന്‍ ചെന്നുവത്രേ. എല്ലാവര്ക്കും ഒരേയൊരു മറുപടി. അതിന്റെ സ്റ്റോക്ക് തീര്‍ന്നു പോയി. അതായത് ഇല്ലാത്ത സ്റ്റോക്ക് തീരുന്നതെങ്ങനെ എന്നാണ് പോസ്റ്റിന്റെ കര്‍ത്താവായ യുവാവിന്റെ ചോദ്യം. ഇങ്ങനെയൊരു വിലയുടെ ടിവി ഉണ്ടെങ്കില്‍ ഏതെങ്കിലും കടയില്‍ ഒരു പീസ് എങ്കിലും ഉണ്ടായിരിക്കേണ്ടതല്ലേ എന്നാണ് യുവാവ് ചോദിക്കുന്നത്. ആള്‍ക്കാരെ കടയിലേക്ക് ആകര്‍ഷിക്കാന്‍ മാത്രമാണ് അയ്യായിരം രൂപയുടെ ടിവി എന്ന വാഗ്ദാനം എന്നു ചിന്തിക്കുന്നവര്‍ മറ്റാരെങ്കിലുമുണ്ടോയെന്ന ചോദ്യത്തോടെയാണ് പോസ്റ്റ് തീരുന്നത്. അതിനു ചുവട്ടില്‍ പ്രതികരണങ്ങളുടെ അയ്യരു കളിയായിരുന്നു. ഇതു തപ്പിച്ചെന്നു ഇളിഭ്യരായവര്‍ കൂട്ടത്തോടെ വന്ന് ഫുള്‍ പേജ് പരസ്യക്കാരെയൊക്കെ പൊങ്കാലയിടുകയായിരുന്നു.
ഓഫര്‍ കണ്ടു ടിവിയും മറ്റും വാങ്ങുന്നവര്‍ ആദ്യം ഈ വിധിയും പോസ്റ്റും വായിക്കുക
