കേള്‍ക്കുമ്പോള്‍ തന്നെ ഇത് എന്ത് സംഗതിയാണെന്നു തോന്നുന്നുവോ. ശരീര ശുചിത്വവും മാനസിക ശുചിത്വവും ലൈംഗിക ശുചിത്വവുമൊക്കെ നന്നായി ശീലിക്കുന്നവര്‍ പോലും ശ്രദ്ധിക്കാതെ പോകുന്ന ഒരു ന്യൂ ഏജ് പ്രശ്‌നമാണ് ഡിജിറ്റല്‍ ശുചിത്വമില്ലായ്മ. ഈ വാക്ക് കേട്ടിട്ടില്ലെങ്കില്‍ അതിന് അര്‍ഥം ഒന്നേയുള്ളൂ, നമ്മുടെ കുട്ടികളെ ഈ ശുചിത്വ ശീലം പഠിപ്പിക്കുന്നതില്‍ നാം ശ്രദ്ധിക്കുന്നില്ല, അല്ലെങ്കില്‍ പരാജയപ്പെട്ടിരിക്കുന്നു. അറിയുക, ഡിജിറ്റല്‍ ശുചിത്വമില്ലായ്മ നമ്മുടെ കുട്ടികളില്‍ അപകടകരമായ വിധത്തില്‍ വളര്‍ന്നിരിക്കുന്നു. അതിന്റെ ഫലമായ ഒട്ടനവധി പ്രശ്‌നങ്ങള്‍ ഇന്നു പത്രമാസികകളില്‍ നാം വായിക്കുന്നു, അത്തരം കുട്ടികള്‍ വീട്ടിലും സമൂഹത്തിലും പ്രശ്‌നമുണ്ടാക്കുന്നവരാകുന്നു, മനോരോഗ വിദഗ്ധര്‍ ഇത്തരം കുട്ടികളെ ചികിത്സിക്കുന്നതു പതിവാകുന്നു.

മുന്‍കാലങ്ങളില്‍ ഏതിനും അതിന്റെയൊരു സാവകാശം ഉണ്ടായിരുന്നു. ഉദാഹരണത്തിന് ഒരു സിനിമയ്ക്ക് ടിക്കറ്റെടുക്കണമെങ്കില്‍ വീട്ടില്‍ നിന്നിറങ്ങി വണ്ടി കയറി സിനിമ തീയറ്ററിലെത്തി ടിക്കറ്റ് എടുക്കണം, അതുപോലെ തിരികെ വണ്ടി കയറി, അതിനുള്ള സമയമെടുത്ത് വീട്ടില്‍ എത്തിച്ചേരണം. ക്ലാസിലെ ഒരു പെണ്‍കുട്ടിയോട് ക്രഷ് തോന്നുന്നുവെങ്കില്‍ മനസിലിട്ട് അക്കാര്യം നാളുകള്‍ കൊണ്ടുനടന്ന് സൗകര്യമുള്ള ഒരു സമയം നോക്കി കുറിപ്പ് കൊടുത്ത് മറുപടി കിട്ടാന്‍ കാത്തിരിക്കണം. എന്തിനും ഏതിനും സമയം ആവശ്യമായിരുന്നകാലം കഴിഞ്ഞിരിക്കുന്നു.
ചുരുക്കത്തില്‍ മനസില്‍ ഒരു ആഗ്രഹം മുളുപൊട്ടുകയും അതു സഫലമാകുകയും ചെയ്യുന്നതിനിടയില്‍ സമയം എന്നൊരു ഇടവേളയുണ്ടായിരുന്നു. ഇതു മൂലം ആഗ്രഹം നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യാം എന്ന രണ്ടു സാധ്യതകളുമായി സമരസപ്പെടാന്‍ തലച്ചോറിന് യഥേഷ്ടം സമയം ലഭിച്ചിരുന്നു. ഇതു വഴി കൈവന്നിരുന്നത് മാനസികമായ അച്ചടക്കമായിരുന്നു. ഒരു കാര്യത്തിന് കിട്ടാവുന്നത് എന്നതല്ലാതെ കിട്ടില്ലാത്തത് എന്നൊരു സാധ്യതയുണ്ടെന്നും അതുമായി പൊരുത്തപ്പെട്ടേ തീരൂ എന്നും എന്നും ഉള്‍ക്കൊള്ളുന്നതിന് സമയമാണ് ഏറ്റവും ആവശ്യമുള്ളത്. ഏതു മുറിവും കാലം കൊണ്ടാണല്ലോ ഉണങ്ങുന്നത്. കാലം എന്നത് സമയം. ഈ കൃത്യമായ പ്രകൃതി നിയമവുമായി പൊരുത്തപ്പെടാനുള്ള അവസരം അങ്ങനെ കൈവന്നിരുന്നു.
ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് സമയം എന്ന ഘടകമാണ് ഇല്ലാതായിരിക്കുന്നത്. ഏതു കാര്യവും ക്ഷണനേരം കൊണ്ടു സാധിക്കുന്നതാണെന്ന മാനസികമായ കണ്ടീഷനിങ് ഡിജിറ്റല്‍ ലോകത്തിന്റെ ഗുണം പോലെ ദോഷവുമാണ്. സിനിമ ടിക്കറ്റിന് ബുക്ക്‌മൈഷോയില്‍ പോയി കുത്തിയാല്‍ മതി, പ്രണയം അറിയിക്കാന്‍ ഒരു ഇമോജിയുടെ ആവശ്യമേയുള്ളൂ. ഈ ഡിജിറ്റല്‍ യാഥാര്‍ഥ്യങ്ങള്‍ക്കിടയിലും കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാം എന്ന സാധ്യത മാത്രം മാറ്റമില്ലാതെ തുടരുന്നു. ആകെക്കൂടി ഇല്ലാതായത് ഏതെങ്കിലും കാര്യം കിട്ടില്ല എന്നാണ് വരുന്നതെങ്കില്‍ അതിനെ അംഗീകരിക്കാനും അതുമായി പൊരുത്തപ്പെടാനും വേണ്ട സമയം മാത്രമാണ്. പ്രണയത്തിന്റെ കാര്യമെടുത്താല്‍ ഒരു സെക്കന്‍ഡില്‍ ഒരു ഇമോജി അങ്ങോട്ട്, തിരികെ അടുത്ത സെക്കന്‍ഡില്‍ ഒരു ഇമോജി ഇങ്ങോട്ട്. തിരികെ കിട്ടുന്നത് പ്രണയനിരാസത്തിന്റെ ഇമോജിയാണെങ്കില്‍ പൊരുത്തപ്പെടാന്‍ സമയം കിട്ടാത്ത വൈകാരികാവസ്ഥയിലേക്കായിരിക്കും ആദ്യം അയച്ച കിളിയെത്തുക. അപ്പോഴാണ് കാമുകിയാകണമെന്നു കരുതിയ പെണ്ണിനെ ആക്രമിക്കാനും അവരുടെ സല്‍പ്പേര് ചീത്തയാക്കാനുമൊക്കെയുള്ള ശ്രമങ്ങളുണ്ടാകുക. ഡിജിറ്റല്‍ വിപ്ലവം ഒരു തലമുറയുടെ മനസില്‍ സൃഷ്ടിച്ച അക്ഷമയും എടുത്തുചാട്ടവുമാണ് ഇതിന്റെയൊക്കെ പിന്നിലുള്ളത്.
ഇതാണ് കൃത്യമായി പറഞ്ഞാല്‍ ചികിത്സിക്കപ്പെടേണ്ട വലിയൊരു മാനസികാരോഗ്യ മേഖല. ഇത്തരം മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വ്യക്തികളുടെ കാര്യക്ഷമത കുറയ്ക്കുന്നു. അതിന്റെ പ്രതിഫലനം അവര്‍ ഇടപെടുന്ന സ്ഥാപനങ്ങളിലും സമൂഹങ്ങളിലും രാഷ്ട്രത്തില്‍ തന്നെയും കാണാനാകുന്നു.
വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ അപരിമിതമായ ലഭ്യതയാണ് ഇതുമായി കൂട്ടിവായിക്കേണ്ട മറ്റൊരു പ്രശ്‌നം. ലോകത്ത് എവിടെയിറങ്ങുന്ന ഡിജിറ്റല്‍ സൗകര്യവും ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏതു കുഗ്രാമത്തിലും എത്തുമെന്ന സൗകര്യമുണ്ട്. അതായത് വെര്‍ച്വല്‍ ആയൊരു ലോകത്തേക്ക് കടക്കുന്നതാകും കടക്കാതിരിക്കുകയോ മിതമായി കടക്കുകയോ ചെയ്യുന്നതിനെക്കാള്‍ എളുപ്പം. വളരെ അപകടകരമായ ഈ സാഹചര്യത്തിനിടയിലേക്കാണ് നിര്‍മിത ബുദ്ധി പോലെയുള്ള കാര്യങ്ങളും അതു വച്ച് പണമുണ്ടാക്കുന്ന ബിസിനസ് താല്‍പര്യങ്ങളും കൂടി കടന്നുവരുന്നത്. സര്‍വത്ര അനുകൂലമായ ഡിജിറ്റല്‍ അന്തരീക്ഷത്തില്‍ സംഭവിക്കുന്നത് ഓരോ പ്രായത്തിനും എത്തിപ്പിടിക്കാവുന്ന ഡിജിറ്റല്‍ അടിമത്തങ്ങളും കൂടിയാണ്. തീരെ ശൈശവത്തില്‍ കാര്‍ട്ടൂണുകള്‍, പിന്നീട് ഓണ്‍ലൈന്‍ ഗെയിമുകള്‍, ഓണ്‍ലൈന്‍ ചാറ്റുകള്‍ മുതല്‍ ഓണ്‍ലൈന്‍ സെക്‌സ് വരെ ഡിജിറ്റല്‍ അടിമത്തം എന്നത് ആയിരം തലകളുള്ള അനന്തസര്‍പ്പമായി പത്തിവിരിച്ച് നില്‍ക്കുന്നു. ഇതുവഴിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ആദ്യത്തെ പ്രശ്‌നം ഒരു തരം സാമൂഹിക വിച്ഛേദനമാണ്. ഡിജിറ്റല്‍ ആശയവിനിമയത്തിനപ്പുറം അന്യോന്യമുള്ള സ്വാഭാവികമായ ആശയവിനിമയം ശീലങ്ങളില്‍ നിന്നു തന്നെ വിട്ടുപോകുന്നു. ഇക്കൂട്ടര്‍ സ്വാഭാവിക സാമൂഹ്യ സാഹചര്യങ്ങളില്‍ ആശയവിനിമയം നടത്താനും പങ്കാളിയുമായി സ്‌നേഹം യഥാര്‍ഥത്തില്‍ പങ്കുവയ്ക്കാനുമൊക്കെ കഴിയാത്തവരായി മാറുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാകാതെയോ കണക്ടിവിറ്റി കിട്ടാതെയോ ഒക്കെ വരുമ്പോള്‍ ക്രുദ്ധരാകുകയോ വയലന്റാകുകയോ ഒക്കെ ചെയ്യുന്ന കുട്ടികളെ കണ്ടിട്ടില്ലേ, അതൊക്കെ ഡിജിറ്റല്‍ അടിമത്തത്തിന്റെ ബാക്കിപത്രമാണ്. ഇതൊക്കെത്തന്നെയാണ് ഒരു തലമുറയ്ക്കായി ഡിജിറ്റല്‍ വിപ്ലവം ബാക്കിവയ്ക്കുന്നത്.
ഡിജിറ്റല്‍ വിപ്ലവവുമായി ബന്ധപ്പെട്ട് സംഭവിച്ച രണ്ടാമത്തെ വലിയ പ്രശ്‌നം ഉറക്കവുമായി ബന്ധപ്പെട്ടതാണ്. വളരെ വൈകി കിടക്കുന്ന കുട്ടികള്‍ ഇന്ന് ഏതു വീടിന്റെയും പ്രശ്‌നമാണ്. ഇവരുടെ ഉറക്കം വൈകുന്നതനുസരിച്ച് സ്‌കൂളിലെ ടൈംടേബിള്‍ മാറുന്നില്ല. അതിനാല്‍ പഴയ രീതിയില്‍ രാവിലെ എഴുന്നേറ്റേ മതിയാകൂ. അതു സാമൂഹ്യ യാഥാര്‍ഥ്യം. രാത്രി വൈകി ഇവരെ ഇരുത്തുന്നത് ഡിജിറ്റല്‍ അടിമത്തം. ഇതിനിടയിലാണ് ഓരോ കുട്ടിയും ഇന്നു ജീവിച്ചു പോകുന്നത്. ചുരുങ്ങിയത് ആറു മണിക്കൂര്‍ ഉറക്കം കൃത്യമായി കിട്ടിയാലാണ് മനുഷ്യന് പകല്‍ സമയത്ത് വായിക്കുകയും പഠിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാനും ഓര്‍മയില്‍ വയ്ക്കാനും കഴിയുന്നത്. ഇതിനെയാണ് ഓര്‍മകളുടെ സ്ഥാപനം എന്നു വിളിക്കുന്നത്. ഒരു തലമുറ മുഴുവന്‍ ഇങ്ങനെയാകുന്നത് ആരെയും ആശങ്കപ്പെടുത്തേണ്ട കാര്യമാണ്.
ക്ലാസ് മുറിയിലും മറ്റും പ്രകടമായ ശ്രദ്ധക്കുറവാണ് ഇന്നത്തെ കുട്ടികളില്‍ കാണപ്പെടുന്നതായി പറയപ്പെടുന്ന മറ്റൊരു പ്രശ്‌നം. ഇതിന്റെ കാരണം റീല്‍സിന്റെയും ഷോര്‍ട്‌സിന്റെയും ലോകവും ക്ലാസ്മുറിയിലെ യഥാതഥ ലോകവും തമ്മിലുള്ള വ്യത്യാസമാണ്. റീല്‍സില്‍ ഏതാനും മിനിറ്റുകൊണ്ട് എന്തൊക്കെയോ ചെയ്തു പോകുന്നത് മനസിലാക്കിയും ആസ്വദിച്ചും ശീലിച്ചവരുടെ മുന്നിലേക്കാണ് ഒരു മണിക്കൂര്‍ കൊണ്ട് ഒരു പോയിന്റ് മാത്രം പറയുന്ന അധ്യാപകന്‍ എത്തുന്നത്. ഇവ രണ്ടും തമ്മിലുള്ള പൊരുത്തക്കേടില്‍ സ്വാഭാവികമായും ഒരു മണിക്കൂറിന്റെ മാഷ് ഔട്ട്, രണ്ടു മിനിറ്റിന്റെ റീല്‍ ഇന്‍.
ഡിജിറ്റല്‍ ലോകത്ത് അധികമായി കുടുങ്ങിപ്പോകുന്നതു മൂലമുണ്ടാകുന്ന അഡിക്ഷനും അതിനപ്പുറം അടിമത്തവും സൃഷ്ടിക്കുന്ന മാരകമായ മറ്റൊരു അവസ്ഥയുണ്ട്. ഡിജിറ്റല്‍ അനുഭവമല്ലാതെ മറ്റൊന്നും സന്തോഷം പകരാത്ത അവസ്ഥയിലേക്ക് കുട്ടി എത്തിച്ചേരുന്നു. ഫോണില്ലാത്തതുകൊണ്ടോ നെറ്റില്ലാത്തതു കൊണ്ടോ മാതാപിതാക്കളുടെ വിലക്കു കൊണ്ടോ ഡിജിറ്റല്‍ അനുഭവവുമായി അകലത്തിലായാല്‍ വളരെ വൈകാരികമായി പ്രതികരിക്കാന്‍ മാത്രമേ ഇത്തരം കുട്ടികള്‍ക്കു സാധിക്കൂ.
ഇങ്ങനെയുള്ളൊരു സാഹചര്യത്തിലാണ് തുടക്കത്തില്‍ പറഞ്ഞ ഡിജിറ്റല്‍ ശുചിത്വം ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. ഡിജിറ്റല്‍ സങ്കേതങ്ങള്‍ നമുക്ക് ഗുണകരമായ രീതിയില്‍ ഉപയോഗിക്കാനും അതേ സമയം അവയ്ക്ക് അടിമപ്പെടാതിരിക്കാനുമുള്ള തീരുമാനമെന്ന് ഡിജിറ്റല്‍ ശുചിത്വത്തെ വിളിക്കാം. ശരീരത്തെ ശുചിയായി സൂക്ഷിക്കുന്നതു പോലെ ഡിജിറ്റല്‍ ശീലങ്ങളെയും ശുചിയായി സൂക്ഷിക്കുക എന്നു മാത്രമാണ് ഇതിനര്‍ഥം. കുട്ടികളെ ഡിജിറ്റല്‍ ശുചിത്വത്തിലേക്കു കൊണ്ടുവരാന്‍ ശീലിക്കാവുന്ന ഏതാനും കാര്യങ്ങള്‍ ഓര്‍മയില്‍ വച്ചേക്കുക.

- രണ്ടു വയസു വരെയുള്ള കുട്ടികളെ ഒരു തരത്തിലുള്ള ദൃശ്യമാധ്യമങ്ങളും കാണിക്കാതിരിക്കുക. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കാണുന്ന ദൃശ്യങ്ങള്‍ തലച്ചോറില്‍ ശേഖരിച്ചു വയ്ക്കാനുള്ള ദൃശ്യമൃതി എന്നൊരു കഴിവില്ല.
- മൂന്നു വയസ് മുതല്‍ ആറു വയസ് വരെയുള്ള കുട്ടികള്‍ക്ക് ദിവസേന ഒരു മണിക്കൂര്‍ മാത്രമായിരിക്കണം പരമാവധി ദൃശ്യമാധ്യമ സമയം. ഇതില്‍ തന്നെ അമ്പതു ശതമാനം സമയത്തില്‍ താഴെ മാത്രമായിരിക്കണം കാര്‍ട്ടൂണുകള്‍ പോലെ ചടുലമായ ദൃശ്യങ്ങള്‍ കാണുവാനുള്ള സമയം.
- ആറു വയസു മുതല്‍ പതിനെട്ടു വയസ് വരെയുള്ള കുട്ടികള്‍ക്ക് ദിവസം പരമാവധി രണ്ടു മണിക്കൂര്‍ ആയിരിക്കണം ദൃശ്യമാധ്യമ സമയം. അതില്‍ കൂടുതല്‍ ഉപയോഗിക്കുന്ന കുട്ടികള്‍ക്കാണ് ശ്രദ്ധക്കുറവും പഠനപ്രശ്‌നങ്ങളും പെരുമാറ്റ വൈകല്യങ്ങളും ഉറക്കമില്ലായ്മയും സാധാരണമാകുന്നത്.
- കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പുള്ള സമയം എല്ലാത്തരം ദൃശ്യമാധ്യമങ്ങളും മാറ്റിവയ്ക്കുക. ആരോഗ്യകരമായ ഉറക്കം കിട്ടാന്‍ ഇതു കൂടിയേ തീരൂ.