അമേരിക്കൻ പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംപിൻ്റെ അഭിപ്രായത്തിൽ ഗാർഹികപീഡനമൊരു കുറ്റകൃത്യമല്ല. വാഷിങ്ടൺ ഡി.സി.യിൽ കുറ്റകൃത്യങ്ങൾ കുറയ്ക്കാനായി നാഷണൽ ഗാർഡ് സൈനികരെ വിന്യസിച്ചതിനെപ്പറ്റി സംസാരിക്കവേയാണ് ട്രംപ് ഈ അഭിപ്രായം പങ്കുവെച്ചത്. തൻ്റെ നടപടികളെ നിർവീര്യമാക്കാൻ എതിരാളികൾ ഭാര്യമാരോടുള്ള ഇടയ്ക്കിടെയുള്ള വഴക്കുകൾവരെ കുറ്റകൃത്യങ്ങളായി കണക്കാക്കാറുണ്ടെന്ന റിപ്പോർട്ടുദ്ധരിച്ചായിരുന്നു പ്രസ്താവന.
“വീട്ടിനുള്ളിൽ നടക്കുന്ന കാര്യങ്ങളെയാണവർ വലിയ കുറ്റകൃത്യമായി വിവരിക്കുന്നത്. എന്തെങ്കിലും വക കണ്ടെത്താനായി ഇവരെന്തും ചെയ്യും. ഒരു പുരുഷനും അയാളുടെ ഭാര്യയുമായി ചെറിയൊരു വഴക്കുണ്ടായാൽപ്പോലും അതൊരു കുറ്റകൃത്യമാണെന്നവർ പറയും”, വാഷിങ്ടണിലെ ബൈബിൾ മ്യൂസിയത്തിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു.
ഈ വർഷം ഓഗസ്റ്റിലാണ് കുറ്റകൃത്യങ്ങൾ തടയാനെന്ന പേരിൽ നാഷണൽ ഗാർഡിലെ 800 സൈനികരെ ട്രംപ് രാജ്യതലസ്ഥാനത്തു വിന്യസിച്ചത്. ഇതിന്റെപേരിൽ തലസ്ഥാനത്തും മറ്റു സംസ്ഥാനങ്ങളിലും വലിയ വിമർശനങ്ങളുയർന്നിരുന്നു.
ട്രംപ് പറയുന്നത് ഇന്നു തലസ്ഥാനത്ത് കുറ്റകൃത്യങ്ങളേ നടക്കുന്നില്ലെന്നാണ്. കുറ്റകൃത്യങ്ങളിൽ 87 ശതമാനത്തോളം കുറവുവന്നതായി അദ്ദേഹം പറയുന്നു. നഗരത്തിലെ കുറ്റകൃത്യങ്ങളിൽ കുറവുവന്നെന്ന് ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ടും സൂചിപ്പിക്കുന്നു. എന്നാൽ പ്രസിഡൻ്റ് പറയുന്നത്ര കുറഞ്ഞിട്ടില്ലെന്നാണ് അവരുടെ റിപ്പോർട്ടുകൾ പറയുന്നത്.

