മംഗളുരു: ധര്‍മസ്ഥലയില്‍ നൂറോളം പേരുടെ ജഡം മറവു ചെയ്യാന്‍ സഹായിച്ചു എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ച ശുചീകരണ തൊഴിലാളി പോലീസിനെയും പ്രത്യേക അന്വേണ സംഘത്തെയും മനപ്പൂര്‍വം വഴിതെറ്റിക്കുകയായിരുന്നുവെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റിലായി. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
തെറ്റായ ആരോപണം ഉന്നയിക്കുകയും വ്യാജ തെളിവുകള്‍ ഹാജരാക്കുകയുമായിരുന്നു ഇയാള്‍ ചെയ്തതെന്നു വെളിവായതിനെ തുടര്‍ന്ന് ഇയാളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ വെളിയില്‍ വരാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം വരെ സാക്ഷിയെന്ന നിലയില്‍ പ്രത്യേക സംരക്ഷണം ലഭിച്ചിരുന്നതിനാല്‍ ഇയാളുടെ പേരോ ചിത്രമോ പുറത്തു വന്നിരുന്നില്ല. അന്വേഷണം നടക്കുന്ന സ്ഥലത്ത് ഇയാളെ എത്തിച്ചിരുന്നതു പോലും മുഖം മറച്ചായിരുന്നു. ഇയാളുടെ പേര് സി എന്‍ ചിന്നയ്യ എന്നാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച രാത്രി മുഴുവന്‍ ഇയാളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയായിരുന്നു. അതിനൊടുവിലാണ് താന്‍ കളവു പറയുകയായിരുന്നവെന്ന് ഇയാള്‍ സമ്മതിക്കുന്നത്. അതോടെ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടന്നു. ഇയാളുടെ മൊഴിയനുസരിച്ച് സംശയാസ്പദമെന്നു കരുതിയ സ്ഥലങ്ങളെല്ലാം അന്വേഷണ സംഘം ജെസിബി ഉപയോഗിച്ചും ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെയും പരിശോധിച്ചിരുന്നു. എന്നാല്‍ ഒരിടത്തു നിന്നു മാത്രമാണ് ്അസ്ഥിക്കഷണങ്ങള് കിട്ടിയത്. ഇതാകട്ടെ ഇയാള്‍ പറയുന്നതു പോലെ സ്ത്രീയുടേതായിരുന്നില്ല. പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ ഫോറന്‍സിക് പരിശോധനാ ഫലം ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂ. വ്യാജമൊഴി നല്കുന്നതില് ഇയാള്‍ക്ക് പുറമേ നിന്നു സഹായം ലഭിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ ധര്‍മസ്ഥലയില്‍ തന്റെ മകളെ കാണാതായെന്ന് നേരത്തെ മൊഴി നല്‍കിയിരുന്ന സുജാത ഭട്ട് എന്ന സ്ത്രീയും തന്റേത് വ്യാജമൊഴിയായിരുന്നെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ധര്‍മസ്ഥലയില്‍ വല്ലാത്തൊരു ആന്റിക്ലൈമാക്സ്, ഹീറോയില്‍ നിന്നു വില്ലനിലേക്ക് അതിവേഗ വീഴ്ച
