ശബരി മലയിലെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി കടത്ത്, ദേവസ്വം മുന്‍ പ്രസിഡന്റ് എന്‍ വാസു മൂന്നാം പ്രതി

തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി മോഷണ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു മൂന്നാം പ്രതി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് എഴുതിയത് 2019 മാര്‍ച്ച് 19ന് അന്നത്തെ ദേവസ്വം കമ്മീഷണറുടെ ശുപാര്‍ശയിലെന്നാണഅ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അന്നത്തെ ദേവസ്വം കമ്മീഷണറായിരുന്നു എന്‍ വാസു. പിന്നീട് വാസു ദേവസ്വം പ്രസിഡന്റായി ഒന്നാം പിണറായി ഗവണ്‍മെന്റിന്റെ കാലത്ത് ഉയര്‍ത്തപ്പെടുകയും ചെയ്തു. ദിവസങ്ങള്‍ക്കു മുമ്പ് വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നതാണ്.

സ്വര്‍ണക്കൊള്ളയില്‍ ബന്ധമില്ലെന്നാണ് എന്‍ വാസു മൊഴി നല്‍കിയത്. സ്വര്‍ണം പൂശാന്‍ ശുപാര്‍ശ ചെയ്തുകൊണ്ട് എക്‌സിക്യൂട്ടിവ് ഓഫീസര്‍ നല്‍കിയ കത്ത് ബോര്‍ഡിനു കൈമാറുക മാത്രമാണ് ചെയ്തത്. തുടര്‍ നടപടികളെടുക്കേണ്ടത് തിരുവാഭരണം കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. കട്ടിള കൊണ്ടുപോകുമ്പോള്‍ താന്‍ കമ്മീഷണറായിരുന്നില്ല. 2019 മാര്‍ച്ചില്‍ താന്‍ വിരമിക്കുകയും ചെയ്തുവെന്നാണ് വാസുവിന്റെ മൊഴിയെന്നറിയുന്നു.

വാസുവിനുള്‍പ്പെടെ ദേവസ്വത്തിന്റെ ഉന്നത സ്ഥാനത്തിരുന്നവര്‍ക്കെല്ലാം സ്വര്‍ണക്കൊള്ളയില്‍ ഉത്തരവാദിത്വമുണ്ട് എന്ന നിഗമനത്തിലാണ് പ്രത്യേകാന്വേഷണ സംഘമെത്തിയിരിക്കുന്നതെന്നാണറിയുന്നത്. എന്നാല്‍ വാസുവിന് ശക്തമായ രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നതിനാല്‍ അറസ്റ്റ് പോലെയുള്ള നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പിനു കീഴില്‍ വരുന്ന അന്വേഷണ സംഘം മടിക്കുകയാണെന്ന് പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *