ഇഡിയുടെ മടങ്ങിയ സമന്‍സിന്റെ മറവില്‍ വിവേക് കിരണിനു മാത്രം സുരക്ഷിത ജീവിതം

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്നതില്‍ നടപടിയെടുക്കാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ വിവരം രണ്ടര വര്‍ഷം മൂടി വച്ചും പ്രതികരിക്കാതെയും മുഖ്യമന്ത്രിയും സിപിഎമ്മും. 2018ലെ ലൈഫ് മിഷന്‍ പദ്ധതിയുടെ മറവില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് വിവേക് 2023 ഫെബ്രുവരി 1െ4ന് രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിനു ഹാജരാകണമെന്നായിരുന്നു ഇഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച സമന്‍സ് മുഖ്യമന്ത്രിയുടെ വീട്ടിലെ അഡ്രസിലായിരുന്നെങ്കിലും മകന്‍ അവിടെയല്ല താമസിക്കുന്നതെന്നു കാട്ടി മടക്കുകയായിരുന്നു. രണ്ടര വര്‍ഷമായി മൂടിവച്ചിരുന്ന ഈ വിവരം കഴിഞ്ഞ ദിവസം മലയാള മനോരമയാണ് പുറത്തുവിട്ടത്. ഇങ്ങനെയൊരു കാര്യമുണ്ടായാല്‍ ഇഡി സാധാരണയായി അടുത്ത നടപടിയിലേക്ക് കടക്കാറുള്ളതാണ്. എന്നാല്‍ വിവേകിന്റെ കാര്യത്തില്‍ മാത്രം അങ്ങനെയൊരു തുടര്‍നടപടിയും ഉണ്ടായതേയില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനെ ഇതേ കേസിലെ നിരവധി ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും. എന്നാല്‍ വിവേകിനു മാത്രം മറ്റൊരു നീതി ലഭ്യമായതിലെ വിരോധാഭാസമാണിപ്പോള്‍ കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത്.