അമേരിക്കയില്‍ വീണ്ടും ഇന്ത്യക്കാരനു നേരേ വെടിവയ്പ്, ദന്ത വിദ്യാര്‍ഥി കൊല്ലപ്പെട്ടു

വാഷിങ്ടന്‍: അമേരിക്കയിലെ ഡാലസില്‍ ഇന്ത്യന്‍ ഡന്റല്‍ വിദ്യാര്‍ഥി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖര്‍ പോളെയാണ് കൊല്ലപ്പെട്ടത്. ഇരുപത്തേഴു വയസായിരുന്നു. പഠനത്തിനൊപ്പം പെട്രോള്‍ പമ്പില്‍ പാര്‍ട് ടൈം ജോലിയും ചെയ്യുകയായിരുന്നു ഇയാള്‍. വെള്ളിയാഴ്ച രാത്രി പെട്രോള്‍ പമ്പിലെത്തിയ അജ്ഞാതനായ തോക്കുധാരി ഒരു പ്രകോപനവുമില്ലാതെ ചന്ദ്രശേഖറിനു നേരേ നിറയൊഴിക്കുകയായിരുന്നുവെന്നു പറയുന്നു. ചന്ദ്രശേഖറിനെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ രക്ഷപെടുകയും ചെയ്തു. ഹൈദരാബാദില്‍ നിന്നു ദന്തചികിത്സയില്‍ ബിരുദം നേടിയ ശേഷം ഉപരിപഠനത്തിനായി അമേരിക്കയിലെത്തുകയായിരുന്നു. പഠനത്തിനൊപ്പം ഉപജീവനത്തിനുള്ള വരുമാനം കണ്ടെത്താനായിരുന്നു പെട്രോള്‍ പമ്പില്‍ ജോലിക്കു കയറിയത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് മാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കിയത്. സ്ഥിരം ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. അപ്പോഴാണ് കൊല്ലപ്പെടുന്നത്. ചന്ദ്രശേഖറിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട സഹായമെല്ലാം എത്തിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി അറിയിച്ചു.
ഒരു മാസം മുമ്പാണ് ഇതേ ഡാലസില്‍ കര്‍ണാടകത്തില്‍ നിന്നുള്ള നാഗമല്ലയ്യ എന്ന സംരംഭകനും വെടിയേറ്റു കൊല്ലപ്പെട്ടത്.