ന്യൂഡല്‍ഹി: ഏഴു മാസം ഗര്‍ഭിണിയായിരിക്കേ വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തില്‍ പങ്കെടുത്ത പോലീസുകാരി സ്വന്തമാക്കിയ വെങ്കലത്തിന് പൊന്നിനെക്കാളും തിളക്കം. പ്രസവത്തിന് രണ്ടു മാസം മാത്രം ബാക്കിയിരിക്കേ നിറവയറുമായി ഇവര്‍ എടുത്തുയര്‍ത്തിയത് ഒന്നര ക്വിന്റലോളം ഭാരം, കൃത്യമായി പറഞ്ഞാല്‍ 145 കിലോഗ്രാം. ആന്ധ്രപ്രദേശില്‍ നടന്ന അഖിലേന്ത്യാ പോലീസ് വെയ്റ്റ്ലിഫ്റ്റിങ് ക്ലസ്റ്റര്‍ ചാമ്പ്യന്‍ഷിപ്പിലാണ് ഡല്‍ഹി പോലിസിലെ സോനിക യാദവ് എന്ന കോണ്‍സ്റ്റബിള്‍ ഈ അവശ്വസനീയ നേട്ടം കൈവരിച്ചത്.
ഗര്‍ഭകാലത്ത് വെയ്റ്റ് ലിഫ്റ്റിങ് നടത്തിയ ലൂസി മാര്‍ട്ടിന്‍സില്‍ എന്ന യുവതിയാണ് തനിക്കു പ്രചോദനമായതെന്ന് സോനിക പറയുന്നു. ഗര്‍ഭകാലത്തെ സുരക്ഷിതമായ പരിശീലനത്തിനായി ഇവര്‍ ഓണ്‍ലൈനില്‍ ലൂസിയുടെ ഉപദേശങ്ങള്‍ തേടുകയും ചെയ്തിരുന്നു. മത്സരം അവസാനിച്ചപ്പോഴാണ് സോനിക ഗര്‍ഭിണിയാണെന്ന കാര്യം കാണികള്‍ അറിയുന്നത്. അതോടെ അഭിനന്ദന പ്രവാഹമായിരുന്നു. നിലവില്‍ ഡല്‍ഹിയില്‍ കമ്യൂണിറ്റി പോലീസിങ് സെല്ലിലാണ് ഇവരുടെ സേവനം.
ഇപ്പോള്‍ വെങ്കലം നേടിയ ചാമ്പ്യന്‍ഷിപ്പില്‍ സ്ക്വാറ്റ് വിഭാഗത്തില്‍ ഇവര്‍ 125 കിലോയും ബെഞ്ച് പ്രസ് വിഭാഗത്തില്‍ എണ്പതു കിലോയും ഡെഡ് ലിഫ്റ്റില്‍ 145 കിലോയുമാണ് ഉയര്‍ത്തിയത്. വെയ്റ്റ് ലിഫ്റ്റിങ്ങിലേക്കു തിരിയുന്നതിനു മുമ്പ് കബഡി താരമായിരുന്നു സോനിക. 2023ലെ ഡല്‍ഹി സ്റ്റേറ്റ് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് സോനിക ആദ്യം ശ്രദ്ധേയയാകുന്നത്.

