ന്യൂഡല്‍ഹി: ഓര്‍മയുണ്ടോ ഇന്ത്യന്‍ ഭരണഘടനയുടെ ഒരു പോക്കറ്റ് കോപ്പി ഗ്രന്ഥം. ചുവപ്പ് പുറംചട്ടയും കറുത്ത റെക്‌സിനില്‍ സ്‌പൈന്‍ ഭാഗവുമായി ബൈന്‍ഡ് ചെയ്ത കോപ്പി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് എംപിമാരുടെ സത്യപ്രതിജ്ഞാവേളയിലും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മറ്റു കോണ്‍ഗ്രസ് നേതാക്കന്‍മാരും സദാ ഒപ്പം കൊണ്ടുനടന്ന് പ്രചാരം കിട്ടിയ ചെറുഗ്രന്ഥം കോടതി കയറിയിരിക്കുകയാണിപ്പോള്‍. ഇതിന്റെ പ്രസിദ്ധീകരണത്തില്‍ നിന്നും രൂപ പബ്ലിക്കേഷന്‍സ് എന്ന പുസ്തക പ്രസാധനശാലയെ ഡല്‍ഹി ഹൈക്കോടതി വിലക്കിയിരിക്കുന്നു. ഈസ്‌റ്റേണ്‍ ബുക്ക് കമ്പനി എന്ന പ്രസാധന ശാല പുറത്തിറക്കുന്ന ഭരണഘടനാ ഗ്രന്ഥത്തോട് ഇതിനു സാമ്യമുണ്ടെന്ന പേരിലാണ് വിലക്ക്. തങ്ങള്‍ക്ക് പകര്‍പ്പവകാശമുള്ള ഭരണഘടനയുടെ മാതൃക രൂപ പബ്ലിക്കേഷന്‍സ് അനുമതിയില്ലാതെ ഉപയോഗിക്കുകയാണെന്ന് കാട്ടി ഈസ്‌റ്റേണ്‍ ബുക്ക് കമ്പനി (ഇബിസി) കോടതിയെ സമീപിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ ഇരുകൂട്ടരുടെയും ഭരണഘടനാ പതിപ്പുകള്‍ തമ്മില്‍ സാമ്യമുണ്ടെന്നു കോടതിക്കു ബോധ്യപ്പെട്ടു. അതോടെയാണ് രൂപയ്ക്ക് വിലക്കു വന്നിരിക്കുന്നത്. ഇനി അച്ചടിച്ചിറക്കുന്നതിനു മാത്രമല്ല വിലക്കുള്ളത്, നിലവില്‍ വിപണിയില്‍ ലഭ്യമായിരിക്കുന്ന കോപ്പികള്‍ മുഴുവന്‍ തിരിച്ചുവിളിക്കണമെന്നും കോടതി ഉത്തരവിട്ടിരിക്കുകയാണ്.
രൂപയുടെ ഭരണഘടന കോപ്പിയടി, അച്ചടി തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി

