ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷം അങ്ങേയറ്റം മലിനമായി തുടരവേ കൃത്രിമ മഴപെയ്യിച്ച് അന്തരീക്ഷത്തെ ശുദ്ധീകരിക്കാനുള്ള പരീക്ഷണവുമായി സര്‍ക്കാര്‍. ഇതിനായി ക്ലൗഡ് സീഡിങ്ങ് നടത്തിക്കഴിഞ്ഞതായി ഗവണ്‍മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. കാണ്‍പൂരില്‍ നിന്നു പറന്നുയര്‍ന്ന വിമാനം ബുരാരി, നോര്‍ത്ത് കരോള്‍ ബാഗം, ഭോജ്പൂര്‍, മയൂര്‍ വിഹാര്‍, സഡക്പൂര്‍ എന്നീ പ്രദേശങ്ങളിലാണ് അന്തരീക്ഷത്തില്‍ മഴ പെയ്യിക്കാനുള്ള രാസവസ്തു വിതറുന്ന ക്ലൗഡ് സീഡിങ് നടത്തിയത്. ഇതിന്റെ ഫലമായി ഡല്‍ഹിക്കു മുകളിലുള്ള മേഘങ്ങളില്‍ ഇരുപതു ശതമാനം വരെ ഈര്‍പ്പം നിറഞ്ഞിട്ടുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൈകാതെ മഴയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
ശൈത്യകാലത്ത് ഡല്‍ഹിയിലെ അന്തരീക്ഷം കാഴ്ച പോലും മറയ്ക്കുന്ന വിധത്തില്‍ മലിനമാകുന്നതു സാധാരണമാണ്. ദീപാവലി ആഘോഷത്തിന്റെ പടക്കം പൊട്ടിക്കലും പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന്റെ പുകയുമൊക്കെ ഈ സാഹചര്യത്തിന് ആക്കം കൂട്ടാറുണ്ട്. സില്‍വര്‍ അയോഡൈഡൂം സോഡിയം ക്ലോറൈഡും ചേര്‍ന്ന രാസ സംയുക്തമാണ് ക്ലൗഡ് സീഡിങ്ങിനായി ഉപയോഗിക്കുന്നത്. ഇത് ഉയരത്തില്‍ പറക്കുന്ന വിമാനത്തില്‍ നിന്ന് മേഘങ്ങളില്‍ വിതറുകയാണ് ചെയ്യുന്നത്. ഇവയുടെ പ്രവര്‍ത്തനം മൂലം ഈര്‍പ്പമുണ്ടായി അതു ഘനീഭവിച്ച് മഴയായി പെയ്യുകയുമാണ് ചെയ്യേണ്ടത്. എന്നാല്‍ ക്ലൗഡ് സീഡിങ് കഴിഞ്ഞ് മഴ പെയ്യാത്ത അനുഭവങ്ങളും ധാരാളമാണ്.

