ഡല്‍ഹിയിലെ ജനസമ്പര്‍ക്ക പരിപാടി തിരിച്ചടിച്ചോ, മുഖ്യമന്ത്രിക്ക് കരണത്തു കിട്ടി അടിയൊരെണ്ണം

ന്യൂഡല്‍ഹി: ജനസമ്പര്‍ക്ക പരിപാടികള്‍ പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാര്‍ നടത്തിപ്പോരുന്ന കാര്യമാണ്. എന്നാല്‍ ഡല്‍ഹിയില്‍ ഇന്നു രാവിലെ നടന്ന ജനസമ്പര്‍ക്ക പരിപാടി അക്ഷരാര്‍ഥത്തില്‍ തിരിച്ചടിച്ചു. പരാതി നല്‍കാനെന്ന വ്യാജേനയെത്തിയ യുവാവ് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ മുഖത്തടിച്ചു. ആക്രമണത്തിനിരയായ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എല്ലാ ബുധനാഴ്ചയും രാവിലെ രേഖ ഗുപ്ത തന്റെ ഔദ്യോഗിക വസതിയോടു ചേര്‍ന്ന ഓഫീസില്‍ പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അവ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ്. നിരവധി വ്യക്തികളാണ് ഇത്തരത്തില്‍ പ്രശ്‌നങ്ങളുമായി എത്തുന്നതും അവയ്ക്ക് പരിഹരിച്ചു കിട്ടിയ സന്തോഷത്തോടെ മടങ്ങുന്നതും. എന്നാല്‍ വളരെ അവിചാരിതമായ കാര്യങ്ങളാണ് ഇന്നു രാവിലെയുണ്ടാകുന്നത്. കുറേ കടലാസുകളുമായി ഒരു യുവാവ് മുഖ്യമന്ത്രിയുടെ സമീപത്തേക്കെത്തുന്നു. അടുത്തെത്തിയതും ആക്രോശിച്ചു കൊണ്ട് അയാള്‍ മുന്നോട്ടു ചാടുകയും മുഖ്യമന്ത്രിയുടെ കരണത്ത് അടിക്കുകയുമായിരുന്നു. സംഭവത്തിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അയാളെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. പോലീസിന്റെയും സുരക്ഷാ ഉദ്യോസ്ഥരുടെയും കണ്‍മുന്നില്‍ നടന്ന സംഭവം അവര്‍ക്ക് ക്ഷീണമായി. മുഖ്യമന്ത്രിയുടെ നേരേ ഇയാള്‍ ഭാരമേറിയ എന്തോ വസ്തു എറിഞ്ഞതായും പറയപ്പെടുന്നു. ഒരു പ്രകോപനവുമില്ലാതെ നടത്തിയ ആക്രമണത്തിന്റെ കാരണമറിയാന്‍ ഇയാളെ ചോദ്യം ചെയ്തു വരുന്നു.