ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ സാന്‍ഫ്രാന്‍സിസ്‌കോ-ഡല്‍ഹി വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മംഗോളിയയിലെ ഉലാന്‍ബാതര്‍ വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ട് അടിയന്തര ലാന്‍ഡിങ് നടത്തി. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നു ഞായറാഴ്ച പറന്നുയര്‍ന്ന എഐ174 വിമാനത്തിനാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്.
വിമാനം സുരക്ഷിതമായി ഉലാന്‍ബാതറില്‍ ഇറങ്ങിയെന്നും വിദഗ്ധ സംഘം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും എയര്‍ ഇന്ത്യ എക്‌സിലെ ഔദ്യോഗിക അക്കൗണ്ടില്‍ കുറിച്ചിട്ടുണ്ട്. ഇതു മൂലം യാത്രയില്‍ ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരെ എല്ലാവരെയും മറ്റു വിമാനങ്ങളില്‍ കയറ്റി അയയ്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇതിലുപരിയായ വാര്‍ത്തകളോ വിമാനത്തില്‍ എത്ര യാത്രക്കാരുണ്ട് തുടങ്ങിയ വിവരങ്ങളോ എയര്‍ ഇന്ത്യ പങ്കുവച്ചിട്ടില്ല.
എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി തകരാറുണ്ടാകുന്നതും എമര്‍ജന്‍സി ലാന്‍ഡിങ് നടത്തേണ്ടി വരുന്നതും യാത്രക്കാരില്‍ ആശങ്കയും അരക്ഷിതത്വവും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തയിടെയാണ് ഇറ്റലിയിലെ മിലാനില്‍ നിന്ന് ഡല്‍ഹിയിലേക്കു വരേണ്ടിയിരുന്ന വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് റദ്ദാക്കേണ്ടി വന്നത്. നാട്ടിലെത്തി ദീപാവലി ആഘോഷിക്കാന്‍ വിമാനത്താവളത്തില്‍ കാത്തു നിന്നവരാണ് അന്നു നിരാശരായത്.

