കുട്ടികളുടെ എഐ നഗ്നചിത്രങ്ങള്‍, ടെക്കികള്‍ക്കൊപ്പം ചേര്‍ന്ന് തടയാന്‍ ഗവണ്‍മെന്റ്

സിഡ്‌നി: ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ രതിചിത്രങ്ങളും മറ്റും തയാറാക്കുന്നതിനു തടയിടാന്‍ ടെക് വ്യവസായവുമായി യോജിച്ചു നീങ്ങാന്‍ അല്‍ബനീസി ഗവണ്‍മെന്റ് തീരുമാനിച്ചു. ഇതിനായി ഓസ്‌ട്രേലിയയുടെ ഓണ്‍ലൈന്‍ സുരക്ഷിതത്വ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതാണ്. ഡീപ്‌ഫേക്ക് സങ്കേതങ്ങളിലേക്ക് പ്രവേശനം തടഞ്ഞുകൊണ്ടായിരിക്കും ഈ ദിശയിലുള്ള പ്രവര്‍ത്തനം ശക്തമാക്കുകയെന്ന് വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി അനിക വെല്‍സ് വെളിപ്പെടുത്തി. ഡീപ് ഫേക് സങ്കേതത്തിന്റെ ഉപയോഗം അത്ര വ്യാപകമായിരിക്കുന്നതിനാല്‍ ഗവണ്‍മെന്റിന് ഇടപെടാതിരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.
എഐക്കും അതിന്റെ നിയമാനുസൃതമായ ട്രാക്കിങ് സാങ്കേതിക വിദ്യയ്ക്കും ഓസ്‌ട്രേലിയ എതിരല്ല. എന്നാല്‍ ഇതിനെ ദുരുപയോഗപ്പെടുത്തുന്നതിനും മനുഷ്യരെ ദ്രോഹിക്കുന്നതിനും വിശേഷിച്ച് കുഞ്ഞുങ്ങളെ അപമാനിക്കുന്നതിനും ഈ രാജ്യത്ത് ഇടമുണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ ഒരു എഐ റൗണ്ട് ടേബിളില്‍ പങ്കെടുത്തതിനു ശേഷം അതിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ അറിയിക്കുകയായിരുന്നു മന്ത്രി. ഓണ്‍ലൈനില്‍ കുഞ്ഞുങ്ങളുടെ ലൈംഗിക ദൃശ്യങ്ങള്‍ അത്രയധികമാകുകയാണ്. ഇതില്‍ നല്ലൊരു പങ്കും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയാറാക്കുന്നവയുമാണ്. അതിനാലാണ് ഗവണ്‍മെന്റ് ഇടപെടലെന്ന് അനിക വെല്‍സ് വ്യക്തമാക്കി.
ഏതു ചിത്രത്തില്‍ നിന്നും അവയുടെ വസ്ത്രമില്ലാത്ത ചിത്രങ്ങള്‍ തയാറാക്കുന്ന എഐ ടൂളുകളായ ന്യൂഡിഫൈ പോലെയുള്ളആപ്പുകള്‍ ഓസ്‌ട്രേലിയയില്‍ വര്‍ധിക്കുകയാണെന്ന് കഴിഞ്ഞ ജൂണില്‍ തന്നെ ഇ സേഫ്റ്റി കമ്മീഷണര്‍ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ തയാറാക്കുന്നത് ഇത്തരം ആപ്പുകളുടെ സഹായത്തോടെയാണ്. പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിക്കുന്നത് കഴിഞ്ഞ പതിനെട്ടു മാസം കൊണ്ട് മുമ്പുള്ളതിന്റെ ഇരട്ടിയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.