ന്യൂസൗത്ത് വെയില്‍സ് പാര്‍ലമെന്റില്‍ വിവിധ സംസ്‌കാരങ്ങളുടെ സമന്വയമായി ദീപാവലി ആഘോഷം

സിഡ്‌നി: ഇന്ത്യന്‍ അഡ്വക്കസി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റില്‍ ജനപ്രതിനിധികളുടെയും വിവിധ സാംസ്‌കാരിക ധാരകളില്‍ നിന്നുള്ള പ്രമുഖരുടെയും കൂടിച്ചേരലിനു വേദിയൊരുക്കി ഹൃദ്യമായ ദീപാവലി ആഘോഷം. വിവിധ സംസ്‌കാരങ്ങളെ പരസ്പരം ആദരിക്കുന്നതിന്റെ ഉദാഹരണമായി ദീപാവലി ആഘോഷം മാറി.

ഇന്ത്യയിലെ വിവിധ മതവിശ്വാസങ്ങളില്‍ നിന്നുള്ളവരുടെ പൊതു ആഘോഷം എന്ന നിലയില്‍ ദീപാവലിയെ അവതരിപ്പിക്കുകയായിരുന്നു പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്നത്. പ്രീമിയര്‍ ക്രിസ് മിന്‍സ്, പ്രതിപക്ഷ നേതാവ് മാര്‍ക്ക് സ്പീക്‌സ്മാന്‍, നിഴല്‍ മന്ത്രിമാരായ മാര്‍ക്ക് കൗറേ എംപി, ഗുര്‍മേഷ് സിംഗ് എംപി എന്നിവരും നിരവധി പാര്‍ലമെന്റ് അംഗങ്ങളും പൗരപ്രമുഖരും ആഘോഷങ്ങളില്‍ പങ്കെടുത്തു. ഇന്ത്യന്‍ വംശജരായ എല്ലാവര്‍ക്കും പ്രീമിയറും പ്രതിപക്ഷ നേതാവും ദീപാവലിയുടെ ആശംസകള്‍ നേര്‍ന്നു. ന്യൂ സൗത്ത് വെയില്‍സിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും വാണിജ്യമേഖലയിലെ പുരോഗതിക്കും ഇന്ത്യന്‍ സമൂഹം ചെയ്തുപോരുന്ന സംഭാവനകളെ എല്ലാവരും അഭിനന്ദിച്ചു.

ഇന്ത്യന്‍ വംശജനായ ബാലന്‍ ആര്യന്‍ പട്ടേല്‍ തന്റെ ചെറുതെങ്കിലും ഹൃദ്യമായ പ്രസംഗത്തിലൂടെ ചടങ്ങില്‍ പങ്കെടുത്ത എല്ലാവരുടെയും പ്രിയം പിടിച്ചുപറ്റി. ഓസ്‌ട്രേലിയയുടെ സമസ്ത മേഖകളിലും സംഭാവനകള്‍ അര്‍പ്പിക്കാനും വ്യക്തമുദ്ര പതിപ്പിക്കാനും ഇളം തലമുറ എത്രമാത്രം താല്‍പര്യപ്പെടുന്നു എന്നായിരുന്നു ആര്യന്‍ പട്ടേല്‍ പ്രസംഗത്തിലൂടെ സമര്‍ഥിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *