കുവൈറ്റില്‍ മദ്യദുരന്തമെന്നു സൂചന, 10 മരണം

കുവൈറ്റ്: വിഷമദ്യ ദുരന്തത്തില്‍ കുവൈറ്റില്‍ പത്തു മരണം സംശയിക്കപ്പെടുന്നു. മരിച്ചവരെല്ലാം വിവിധ രാജ്യങ്ങളില്‍ നിന്നു ജോലിക്കായി കുവൈറ്റില്‍ എത്തിയവരാണെന്നാണ് കരുതപ്പെടുന്നത്. മരിച്ചവരില്‍ മലയാളികളും ഉണ്ടാകാനുള്ള സാധ്യത സംശയിക്കപ്പെടുന്നു. നിരവധി ആള്‍ക്കാര്‍ ചികിത്സയില്‍ തുടരുകയാണ്. മരിച്ചവരുടെ പേരുകളോ മറ്റു വിവരങ്ങളോ പുറത്തു വന്നിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മദ്യത്തില്‍ നിന്നുള്ള വിഷബാധയാണ് മരണകാരണമെന്നു പ്രാഥമിക പരിശോധനകളില്‍ വ്യക്തമായിട്ടുണ്ട്. ജലൂബ് ബ്ലോക്ക് ഫോറില്‍ നിന്നാണ് തൊഴിലാളികള്‍ മദ്യം വാങ്ങിയതെന്നാണ് സൂചനകള്‍ ലഭിക്കുന്നത്.
ഇസ്ലാമിക നിയമപ്രകാരം മദ്യം നിരോധിക്കപ്പെട്ട രാജ്യമാണ് കുവൈറ്റ്. ഇന്റര്‍നാഷണല്‍ ഹോട്ടലുകളില്‍ പോലും മദ്യം വിളമ്പാന്‍ കുവൈറ്റില്‍ അനുവാദമില്ല. ആകെ കൂടി മദ്യം കഴിക്കാന്‍ അനുവദിച്ചിരിക്കുന്നത് വിദേശ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ മാത്രമാണ്. അവരില്‍ നിന്നു മദ്യം പുറത്തു ലഭിക്കാന്‍ സാധ്യതയുമില്ല. അതിനാലാണ് വ്യാജമദ്യമാണ് മരണകാരണമെന്നു സംശയിക്കപ്പെടുന്നത്. മദ്യം സൂക്ഷിക്കുകയോ വിതരണം ചെയ്യുകയോ കഴിക്കുകയോ ചെയ്തുവെന്നു തെളിഞ്ഞാല്‍ ജയില്‍ ശിക്ഷയും നാടുകടത്തലും കുവൈറ്റില്‍ ഉറപ്പാണ്. എന്നാലും അനധികൃതമായും അതീവ രഹസ്യമായും കാര്‍ഷിക വസ്തുക്കളില്‍ നിന്നും വ്യാവസായികാവശ്യത്തിനുള്ള ഏതാനും വസ്തുക്കളില്‍ നിന്നും മദ്യം നിര്‍മിച്ച് വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ കുവൈറ്റിലുണ്ടെന്നു പറയപ്പെടുന്നു.