ദര്‍ശിതയെ കാമുകന്‍ സിദ്ധരാജു കൊന്നത് വായില്‍ ഇലക്ട്രിക് തോട്ട തിരുകി പൊട്ടിച്ച്

കണ്ണൂര്‍: ഇരിക്കൂരിനടുത്ത് കല്യാടുള്ള വീട്ടില്‍ നിന്ന് 30 പവന്റെ ആഭരണങ്ങളും പണവും മോഷണം പോയ കേസില്‍ ഉള്‍പ്പെട്ടുവെന്നു സംശയിക്കപ്പെടുന്ന പുത്രഭാര്യ കൊലചെയ്യപ്പെട്ട കേസില്‍ അവരുടെ കാമുകന്‍ പിടിയില്‍. ഇരിക്കൂര്‍ പുള്ളിവേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിനു സമീപം കെ സി സുമതയുടെ അഞ്ചാംപുര എന്ന വീട്ടില്‍ നിന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച സ്വര്‍ണവും പണവും മോഷണം പോയത്. കേസന്വേഷണത്തിനായി പോലീസിനു കണ്ടെത്താന്‍ കഴിയാതിരുന്ന പുത്രഭാര്യ ദര്‍ശിതയെ ഞായറാഴ്ച സാലിഗ്രാമിനടുത്തുള്ള ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സുമതയുടെ മറ്റൊരു പുത്രന്‍ സുഭാഷിന്റെ ഭാര്യയായിരുന്നു ദര്‍ശിത. കര്‍ണാടക സ്വദേശിയായ ദര്‍ശിത മകളെയും കൂട്ടി സംഭവം നടന്നയന്ന് ആരോടും പറയാതെ കര്‍ണാടകയിലെ സ്വന്തം വീട്ടിലേക്കു പോകുകയായിരുന്നു. ഇവരെ കൊലപ്പെടുത്തിയെന്നു കരുതുന്ന കാമുകന്‍ സിദ്ധരാജുവാണ് ഇപ്പോള്‍ കര്‍ണാടക പോലീസിന്റെ പിടിയിലായിരിക്കുന്നത്.
മകളെ സ്വന്തം വീട്ടില്‍ നിര്‍ത്തിയ ശേഷം ദര്‍ശിത കാമുകനൊപ്പം പോകുകയായിരുന്നുവെന്നു കരുതപ്പെടുന്നു. ദര്‍ശിതയും സിദ്ധരാജുവും തമ്മില്‍ ആറുവര്‍ഷത്തിലധികമായി പ്രണയത്തിലാണ്. ഒന്നിച്ച് ഹോട്ടലില്‍ മുറിയെടുത്ത ശേഷം ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ ഇലക്ട്രീഷനായ സിദ്ധരാജു ഇലക്ട്രിക് ഡിറ്റൊണേറ്റര്‍ (പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന തോട്ട)ദര്‍ശിതയുടെ വായില്‍ തിരുകിയ ശേഷം വൈദ്യുതി കടത്തിവിട്ട് സ്‌ഫോടനമുണ്ടാക്കി കൊലപ്പെടുത്തുകയായിരുന്നു. മൊബൈല്‍ വിളിക്കുന്നതിനിടയില്‍ പൊട്ടിത്തെറിച്ചുവെന്നു വരുത്താനായിരുന്നു ഇത്. കടം വാങ്ങിയ പണം തിരികെ ചോദിച്ചതും വിദേശത്തുള്ള ഭര്‍ത്താവിനടുത്തേക്ക് പോകുകയാണെന്നു ദര്‍ശിത പറഞ്ഞതും സിദ്ധരാജുവിനെ പ്രകോപിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്. മോഷണം ദര്‍ശിതയും സിദ്ധരാജുവും ഒന്നിച്ചു പ്ലാന്‍ ചെയ്തു നടപ്പാക്കിയതാണെന്ന വിശ്വാസത്തിലാണ് പോലീസ്.