രാത്രി ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാറുണ്ടോ?; ഇക്കാര്യങ്ങള്‍ അറിഞ്ഞ് കഴിക്കാം. ഭക്ഷണം കഴിച്ചശേഷം ഒരു കഷ്ണം മധുരം നുണയാന്‍ കൊതിക്കുന്നവരാണോ നിങ്ങള്‍? രാവിലെയും ഉച്ചയ്ക്കും രാത്രിയുമെല്ലാം ഭക്ഷണം കഴിച്ചശേഷം പലരും മധുരപലഹാരം കഴിക്കാറുണ്ട്. ഷുഗര്് കട്ട് ശീലിക്കുന്നവരടക്കമുള്ള മറ്റൊരു വിഭാഗം ആളുകളാകട്ടെ ഡാര്‍ക്ക് ചോക്ലേറ്റിനെയാണ് ആശ്രയിക്കാറുള്ളത്. നേരിയ കയ്പ്പാണെങ്കിലും ചോക്ലേറ്റ് നല്കുന്ന സംതൃപ്തിയും ഗുണങ്ങളുമാണ് ഡാര്‍ക്ക് ചോക്ലേറ്റിന് ആരാധകരെ നേടിക്കൊടുക്കുന്നത്.
എന്നാല്‍ രാത്രിയാണ് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതെങ്കില്‍ അത് എങ്ങനെയാണ് ആരോഗ്യത്തെ ബാധിക്കുന്നത് എന്നറിയാമോ? അതായത് രാത്രി ഇത് കഴിച്ചതിന് ശേഷം നിങ്ങള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ശരീരത്തിനുള്ളില്‍ യഥാര്‍ഥത്തില്‍ എന്ത് സംഭവിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ആന്റി ഓക്സിഡന്റുകളുടെയും കുറഞ്ഞ പഞ്ചസാരയുടെയും സാന്നിധ്യം കാരണം ഡാര്‍ക്ക് ചോക്ലേറ്റ് ആരോഗ്യകരമായ ഭക്ഷ്യവസ്തുവാണെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. എന്നാല്‍ രാത്രി ഇത് കഴിക്കുന്നത് ഗുണങ്ങളും അപ്രതീക്ഷിത ദോഷങ്ങളും ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അര്‍ധരാത്രിയില്‍ ക്രേവിങ്സ് വരുമ്പോള്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ താഴെ നല്കുന്നു.
ഉറങ്ങുന്നതിന് മുന്‍പ് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു
തിരക്കുപിടിച്ച ഒരു ദിവസത്തെ മറികടക്കാന്‍ ‘ഫീല്‍-ഗുഡ്’ കെമിക്കലുകളായ സെറോടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നിവയുടെ ഉത്പാദനത്തെ ഡാര്‍ക്ക് ചോക്ലേറ്റ് ഉത്തേജിപ്പിക്കുന്നു. ഇത് രാത്രിയില്‍ വിശ്രമിക്കുമ്പോള്‍ നിങ്ങളെ ശാന്തവും സന്തോഷവുമുള്ള മാനസികാവസ്ഥയിലേക്ക് എത്തിക്കും. വൈകാരികമായി ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഇത് ആശ്വാസം നല്‍കുന്നതായി തോന്നാനുള്ള ഒരു കാരണം ഇതാണ്. എന്നാല്‍ അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്…
വൈകാരിക സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും
പലര്‍ക്കും രാത്രിയാണ് അമിത ചിന്തകള്‍ കൂടുന്നത്. ഡാര്‍ക്ക് ചോക്ലേറ്റില്‍ മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാല്‍, ഇത് വിശ്രമിക്കാന്‍ സഹായിക്കുകയും സമ്മര്‍ദം കുറയ്ക്കുകയും ഞരമ്പുകളെ ശാന്തമാക്കുകയും ചെയ്യും.
ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിന്റെ കേടുപാടുകളകറ്റാന് സഹായിക്കുന്നു
ഡാര്‍ക്ക് ചോക്ലേറ്റില്‍ ഫ്ളേവനോയിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ നീര്‍ക്കെട്ടും ഓക്സിഡേറ്റീവ് സ്ട്രെസ്സും ചെറുക്കാന്‍ സഹായിക്കുന്നു. രാത്രിയാണ് ശരീരം സ്വയം കേടുപാടുകള്‍ തീര്‍ക്കുന്ന സമയം എന്നതിനാല്‍, ഈ ആന്റി ഓക്സിഡന്റുകള്‍ രാത്രിയിലെ കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായകമായേക്കാം. ആ അര്‍ത്ഥത്തില്‍, അത്താഴത്തിന് ശേഷം ഒരു ചെറിയ കഷ്ണം കഴിക്കുന്നത് ശരീരത്തിന്റെ സ്വാഭാവികമായ പുനരുജ്ജീവന പ്രക്രിയയെ സഹായിക്കും.
കഫീന്‍ ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം
ഡാര്‍ക്ക് ചോക്ലേറ്റില്‍ കഫീന്‍, തിയോബ്രോമിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ഉത്തേജകങ്ങളാണ്. ചോക്ലേറ്റിന്റെ കടുപ്പം കൂടുന്നതിനനുസരിച്ച് കഫീനിന്റെ അളവും കൂടും. രാത്രി വൈകി കഴിക്കുന്ന ഒരു ചെറിയ കഷ്ണം പോലും നിങ്ങളുടെ ഉറക്കത്തെ ബാധിക്കാം. രാത്രി വളരെ വൈകി ഇത് കഴിക്കുന്നത് ഉറക്കം വരാന്‍ വൈകിക്കുകയും ഗാഢനിദ്രയുടെ ഗുണനിലവാരം കുറയ്ക്കുകയും വിശ്രമിക്കുന്നതിനു പകരം കൂടുതല്‍ ഉന്മേഷം ഉന്മേഷം തോന്നിപ്പിക്കുകയും ചെയ്യുന്നു.
രാത്രി വൈകി മധുരം കഴിക്കാന്‍ ആഗ്രഹം തോന്നിപ്പിക്കുന്നു
മില്്ക്ക് ചോക്ലേറ്റിനെ അപേക്ഷിച്ച് ഡാര്‍ക്ക് ചോക്ലേറ്റില്‍ പഞ്ചസാര കുറവാണെങ്കിലും, ഇത് നിങ്ങളുടെ മധുരത്തോടുള്ള ആഗ്രഹം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ധിപ്പിക്കുകയും വീണ്ടും ലഘുഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഉറങ്ങുന്നതിന് മുന്‍പ് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് അത്ര നല്ലതല്ല. തടസ്സമില്ലാത്ത ഉറക്കത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്, , അതിനാല്‍ രാത്രിയില്‍ ഇത് കഴിക്കുകയാണെങ്കില്് അളവ് കുറയ്ക്കുന്നതാണ് നല്ലത്.
അസിഡിറ്റിയോ അസ്വസ്ഥതയോ ഉണ്ടാക്കാം
അസിഡിറ്റിയോ നെഞ്ചെരിച്ചിലോ ഉള്ള ആളുകള്‍ക്ക് രാത്രി വൈകി ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ അസ്വസ്ഥത അനുഭവപ്പെടാം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിന്റെ (NIH) അഭിപ്രായത്തില്‍്, തിയോബ്രോമിന്‍ അന്നനാളത്തിലെ പേശികളെ അയവുള്ളതാക്കും, ഇത് അസിഡിറ്റിയുടെ ലക്ഷണങ്ങളെ വഷളാക്കും, പ്രത്യേകിച്ചും കഴിച്ച ഉടനെ കിടക്കുമ്പോള്‍. അസ്വസ്ഥത ഒഴിവാക്കാന്‍, വൈകുന്നേരങ്ങളില്‍ നേരത്തെയോ അല്ലെങ്കില്‍് ചെറിയ അളവിലോ ചോക്ലേറ്റ് കഴിക്കുന്നതാണ് നല്ലത്.
രാത്രിയില്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാമോ?
രാത്രി ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാവുന്നതാണ്. എന്നാല്‍ മിതമായ അളവിലും ശരിയായ സമയത്തും കഴിക്കണമെന്ന് മാത്രം. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാന്‍ ആഗ്രഹമുള്ളവരാണ് നിങ്ങളെങ്കില്‍ അത്താഴത്തിന് ശേഷം കഴിക്കുന്നതാണ് നല്ലത്. ഉറങ്ങുന്നതിന് തൊട്ടുമുന്‍പല്ലാതെ, ഒന്നോ രണ്ടോ മണിക്കൂര്‍ മുന്‍പ് കഴിക്കാവുന്നതാണ്.
ഡാര്‍ക്ക് ചോക്ലേറ്റ് വാങ്ങുമ്പോള്‍ 70 ശതമാനമോ അതില്‍ കൂടുതലോ കൊക്കോ അടങ്ങിയ ചോക്ലേറ്റ് തിരഞ്ഞെടുക്കുക. കഴിക്കുമ്പോള്‍ ഒന്നോ രണ്ടോ ചെറിയ കഷ്ണങ്ങളായി പരിമിതപ്പെടുത്തുക. ഈ രീതിയില്‍, നിങ്ങളുടെ ഉറക്കത്തെ ശല്യപ്പെടുത്താതെ തന്നെ അതിന്റെ ഗുണങ്ങള്‍ ആസ്വദിക്കാം.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)

