മെഗാ നാടകം, കഥ കേട്ടുപഴകിയത്, സംവിധാനം സൂപ്പര്‍, വഴിയാധാരമായത് പാവം വീട്ടമ്മ

കൊച്ചി: രണ്ടു മാസം ഒരേ പിരിമുറക്കത്തില്‍ ഒരു തട്ടിപ്പു നാടകം ഓടിക്കുക. ഓരോ അവസരത്തിലും ഓരോരോ ലൊക്കേഷനുകളിലായി സെറ്റിട്ട് നാടകം കളിച്ചു കൊണ്ടേയിരിക്കുക. അവസാനം ഇര മെല്ലെ നടന്നടുത്ത് സര്‍വം അടിയറ വയ്ക്കുന്നതോടെ അവസാന സീനിനു കര്‍ട്ടന്‍ താഴ്ത്തുക. ഇങ്ങനെയാരു നാടകാന്ത്യത്തില്‍ കൊച്ചി മട്ടാഞേചിരിയിലെ വീട്ടമ്മയ്ക്കു നഷ്ടമായത് 2.88 കോടി രൂപ. പതിവു സ്‌ക്രിപ്റ്റിലെഴുതിയ സൈബര്‍ തട്ടിപ്പു നാടകമായിരുന്നെങ്കിലും ഒരിക്കലും ഇര പിടിവിട്ടു പോകാതെ അവസാന ചില്ലിക്കാശുവരെ ഊറ്റിയെടുക്കാന്‍ കഴിഞ്ഞത് തട്ടിപ്പു സംഘത്തിന്റെ പ്രഫഷണല്‍ മികവ് എന്നല്ലാതെ എന്തു പറയാന്‍.
കഴിഞ്ഞ ജൂലൈ അവസാനനാളുകള്‍ മുതല്‍ കഴിഞ്ഞയാഴ്ച വരെ നീളുന്നതാണ് നാടകം. ആദ്യം വീട്ടമ്മയ്ക്ക് മുംബൈ തിലക് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നാണെന്നു പറഞ്ഞ് ഒരു ഫോണ്‍ കോള്‍ വരുന്നു. സന്തോഷ് റാവു എന്ന ‘ഓഫീസര്‍’ ഓണ്‍ലൈനില്‍ വരുന്നു. ഒരു കള്ളപ്പണക്കേസില്‍ രണ്ടു കോടി രൂപ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 25 ലക്ഷം വീട്ടമ്മയ്ക്കുള്ള കമ്മീഷനാണെന്ന് മനസിലാക്കുന്നു എന്നു പറയുന്നു. വീട്ടമ്മ പരിഭ്രാന്തയാകുന്നു. പരിഭ്രാന്തിയുടെ തീവ്രത അങ്ങേത്തലയ്ക്കല്‍ തിരിച്ചറിയുന്നു.
ഇനി എപ്പിസോഡ് 2: വീട്ടമ്മ വെര്‍ച്വല്‍ അറസ്റ്റിലാകുന്നു. വീട്ടു തടങ്കലിലാണെന്നു പറഞ്ഞു വിശ്വസിപ്പിക്കുന്നു. ”വീട്ടുതടങ്കലിലായ’ വീട്ടമ്മ നിസാഹയയാകുന്നു. അത് കളിപ്പിക്കുന്നവര്‍ കൃത്യമായി തിരിച്ചറിയുന്നു.
എപ്പിസോഡ് 3: വെര്‍ച്വല്‍ കോടതി കൂടുന്നു. വീട്ടുതടങ്കലിലെ വീട്ടമ്മ വെര്‍ച്വല്‍ പ്രതിക്കൂട്ടില്‍ ഹാജര്‍. ജഡ്ജി, വക്കീല്‍ ഒക്കെ റെഡി. കേസ് നടപടി ആരംഭിക്കുന്നു.
എപ്പിസോഡ് 4: സാക്ഷി വിസ്താരം നടക്കുന്നു. കൊച്ചിയിലെ വീട്ടമ്മ ഇന്നുവരെ കണ്ടിട്ടുപോലുമില്ലാത്ത ഒരു സാക്ഷി ഹാജരാകുന്നു. വീട്ടമ്മയ്‌ക്കെതിരേ മൊഴി കൊടുക്കുന്നു. അവസാനം പിഴയടയ്ക്കാന്‍ വിധിച്ച് കോടതി പിരിയുന്നു. ഘട്ടം ഘട്ടമായി തുക കൊടുത്തുകൊണ്ടേയിരിക്കുന്നു. അവസാനം ബാങ്കിലുള്ള പണം മുഴുവന്‍ തീരുമ്പോള്‍ സ്വര്‍ണം പണയം വച്ച് 62 ലക്ഷം രൂപ കൂടി കണ്ടെത്തുന്നു. അതും കൈമാറുന്നു.
എപ്പിസോഡ് 5: കേസ് അവസാനിപ്പിക്കുന്നു. ഇതിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലോക്കല്‍ പോലിസ് സ്‌റ്റേഷനില്‍ നിന്നു കിട്ടുമെന്നറിയിക്കുന്നു. പണം പോയെങ്കിലും വീട്ടമ്മ ഹാപ്പി.
ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ മട്ടാഞ്ചേരി പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് നാടകക്കഥയുടെ മറുപുറം വീട്ടമ്മയ്ക്കു മനസിലാകുന്നത്. അതോടെ പരാതി എഴുതി നല്‍കി വീട്ടിലേക്കു മടങ്ങുന്നു. പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.