ഗ്രീന്‍ഹൗസ് വാതകങ്ങള്‍ കുറച്ചേ തീരൂ, അളവും ചെലവും എത്രയെന്ന തര്‍ക്കം തുടരുന്നു

സിഡ്‌നി: അടുത്ത പത്തു വര്‍ഷം കൊണ്ട് ഗ്രീന്‍ഹൗസ് വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ലെങ്കിലും എത്രകണ്ട് കുറയ്ക്കണമെന്ന കാര്യത്തില്‍ തര്‍ക്കം പുകയുന്നു. ഇതിനു വേണ്ടിവരുന്ന അധികച്ചെലവാണ് അഭിപ്രായവ്യത്യാസത്തിന്റെ വേരുകളിലേക്കു ചെന്നാല്‍ കാണാന്‍ സാധിക്കുക. അധികച്ചെലവ് എന്നാല്‍ നികുതിദായകരുടെ മേല്‍ അധിക ബാധ്യത എന്നാകും അര്‍ഥമെന്ന് എല്ലാവരും സമ്മതിക്കുന്നുമുണ്ട്. ബിസിനസ് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ (ബിസിഎ) ആണ് അവസാനമായി നിലപാട് വ്യക്തമാക്കി രംഗപ്രവേശം ചെയ്തിരിക്കുന്നത്.
ഇപ്പോള്‍ ഉദ്ദേശിക്കപ്പെടുന്ന തോതില്‍ എമിഷന്‍ നിയന്ത്രണം കൊണ്ടുവരണമെങ്കില്‍ പത്തു വര്‍ഷം കൊണ്ട് അമ്പതു ലക്ഷം കോടി ഡോളര്‍ ചെലവഴിക്കേണ്ടിവരുമെന്നാണ് ബിസിഎ പറയുന്നത്. ഇതിനു പുറമെ വൈദ്യുതി അനുബന്ധ മേഖലകളിലും എന്‍ജിനിയറിങ് മേഖലകളിലുമായി 59000 ജീവനക്കാരെ നിയോഗിക്കേണ്ടതായും വരും. പുനരുപയോഗക്ഷമമായ ഊര്‍ജമേഖലകളുടെ വികസനത്തിനായി നയപരമായ കാര്യങ്ങളില്‍ ഒട്ടനവധി പരിഷ്‌കരണങ്ങളും ഇതോടൊപ്പം വേണ്ടിവരുമെന്ന് ബിസിഎ കണക്കുകൂട്ടുന്നു. 2035ഓടു കൂടി എമിഷന്‍ തോത് 70 ശതമാനം കുറയ്ക്കുന്നതായി കണക്കുകൂട്ടിയാണ് ബിസിഎയുടെ കണക്കുകള്‍ വരുന്നത്.
എന്നാല്‍ എമിഷന്‍ തോത് എത്രകണ്ടു കുറയ്ക്കണമെന്ന് ഗവണ്‍മെന്റ് ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല. എഴുപതു ശതമാനമാണ് കുറവു വരുത്തുന്നതെങ്കില്‍ അതിനു വേണ്ടി വരുന്ന ചെലവ് ഭീമമായിരിക്കുമെന്ന് സഖ്യകക്ഷികളും സമ്മതിക്കുന്നുണ്ട്. ഇതിന്റെ ഭാരം മുഴുവന്‍ ചുമക്കേണ്ടതായി വരുന്നത് നികുതി ദായകരായിരിക്കുമെന്ന് ഇവര്‍ മുന്നറിയിപ്പു കൊടുക്കുന്നുമുണ്ട്. എന്നാല്‍ എഴുപത്തൊന്നു ശതമാനത്തില്‍ കുറഞ്ഞ ഏതു തീരുമാനവും പിന്നോട്ടു ചുവടുവയ്ക്കുന്നതിനു തുല്യമായിരിക്കുമെന്ന നിലപാടാണ് ഗ്രീന്‍സ് എപ്പോഴും മുന്നോട്ടു വയ്ക്കുന്നത്.