റിയാദ്: ലോകത്തിലെ സജീവ ഫുട്‌ബോള്‍ താരങ്ങള്‍ക്കിടയിലെ ആദ്യ ശതകോടീശ്വരനായി ഉയര്‍ന്നിരിക്കുന്നത് പോര്‍ച്ചുഗലിന്റെ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. നിലവില്‍ സൗദി അറേബ്യയിലെ പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിനു വേണ്ടി പന്തു തട്ടുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ആസ്തി ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 1.4 ബില്യണ്‍ ഡോളറാണ്, അതായത് ഏകദേശം 12,424 കോടി രൂപ. ഇതുവരെയുള്ള കരിയറില്‍ നിന്നുള്ള സമ്പാദ്യം, നടത്തിയിരിക്കുന്ന നിക്ഷേപങ്ങള്‍, സമ്മാനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ട തുകയാണിത്. ബ്ലൂംബര്‍ഗ് പുറത്തുവിട്ട കണക്കനുസരിച്ച് റൊണാള്‍ഡോ 2002 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ ശമ്പളം ഇനത്തില്‍ മാത്രം 4880 കോടി രൂപ സ്വന്തമാക്കിയിട്ടുണ്ട്. ഒരു പതിറ്റാണ്ടിലധികമായി തുടരുന്ന നൈക്കിയുടെ മാത്രം സ്‌പോണ്‍സര്‍ഷിപ്പിലൂടെ ഓരോ വര്‍ഷവും നൂറ്ററുപതി കോടിയോളം രൂപ പ്രതിഫലമായി ലഭിക്കും. യൂറോപ്യന്‍ ഫുട്‌ബോള്‍ ലോകം വിട്ട് സൗദിയിലെത്തിയതോടെയാണ് സമ്പാദ്യത്തില്‍ കുത്തനെ വര്‍ധനയുണ്ടാകുന്നത്. അല്‍ നസര്‍ എഫ്‌സിയില്‍ 1570.7 കോടി രൂപയാണ് റൊണാള്‍ഡോയുടെ വാര്‍ഷിക പ്രതിഫലം. 2025 ജൂണില്‍ രണ്ടു വര്‍ഷത്തേക്കു കൂടി ഈ കരാര്‍ പുതുക്കിയിരിക്കുന്നത് 3549 കോടി രൂപയ്ക്കാണെന്ന് ബ്ലൂംബര്‍ഗ് കണക്കുകൂട്ടുന്നു. സജീവ ഫുട്‌ബോളര്‍മാരില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞാല്‍ വരുമാനത്തില്‍ രണ്ടാം സ്ഥാനത്തു വരുന്നത് അര്‍ജന്റീനയുടെ സ്റ്റാര്‍ പ്ലേയറായ ലയണല്‍ മെസിയാണ്. റൊണാള്‍ഡോയുമായി തട്ടിച്ചു നോക്കുമ്പോള്‍ വരുമാനം വളരെ പിന്നിലാണെന്നു മാത്രം-5324 കോടി രൂപ.
ഫുട്‌ബോളര്‍മാര്‍ക്കിടയിലെ ശതകോടീശ്വരന്‍ റൊണാള്‍ഡോ, ആസ്തി 12,424 കോടി രൂപ

