മുഖ്യമന്ത്രിക്കെതിരേ വീഡിയോ, ക്രൈം നന്ദകുമാറിനെതിരേ കലാപാഹ്വാന കേസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അശ്ലീല ധ്വനികളോടു കൂടിയ വീഡിയോ തയാറാക്കുകയും പ്രക്ഷേപണം നടത്തുകയും ചെയ്തു എന്ന പേരില്‍ ക്രൈം ഓണ്‍ലൈന്‍ ചാനല്‍ ഉടമ ക്രൈം നന്ദകുമാറിനെതിരേ കൊച്ചി സൈബര്‍ പോലീസ് കേസെടുത്തു. നന്ദകുമാറിനെതിരേ ബിഎന്‍എസ് 192, ഐടി നിയമത്തിലെ 67, 67 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമവിരുദ്ധമായ പ്രവൃത്തികളിലൂടെ കലാപം ലക്ഷ്യമിട്ട് പ്രകോപനമുണ്ടാക്കുന്നതിനെതിരായ വകുപ്പാണ് ബിഎന്‍എസിലെ 192ാം വകുപ്പ്. ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവു ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.
വെള്ളിയാഴ്ച നന്ദകുമാറിന്റെ ക്രൈം എന്ന ഓണ്‍ലൈന്‍ ചാനലിലൂടെ സംപ്രേഷണം ചെയ്ത വീഡിയോയാണ് കേസിന് ആസ്പദമായിരിക്കുന്നത്. ഇത് അശ്ലീല ചുവയുള്ളതും ലൈംഗിക ഉള്ളടക്കത്തോടു കൂടിയതുമാണെന്ന് സൈബര്‍ പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പറയുന്നു.