വേദനിക്കുമ്പോൾ
നിങ്ങൾ
അടച്ചിട്ട
നിങ്ങളിലെ
പിൻഭാഗത്തെ മുറിയിലേക്ക് പോവുക
അവിടെ
നിങ്ങൾ
ഉപേക്ഷിച്ച
ജീവിതത്തിന്റെ
എല്ലാ കളിപ്പാട്ടങ്ങളെയും
ഒന്ന് തലോടുക
അസഹ്യമായും
അലർജിയായും
അവിടെയുള്ള
മുമ്പൊരിക്കൽ നിങ്ങൾ കോരിത്തരിച്ച
എല്ലാ വികാരങ്ങളെയും
സ്നേഹത്തോടെ
പഴയപടി
ഒന്ന് ചുംബിക്കുക
നിങ്ങൾ
ഇത്രയും
അഹങ്കാരിയാവുന്നതിന് മുമ്പ്
നിങ്ങളെ
മനുഷ്യനാക്കിയ
പ്രകാശമാണ്
അവിടെ
ഇരുട്ടായി
അനാഥമായി
കിടക്കുന്നത്
എന്ന്
തിരിച്ചറിയുക
നിങ്ങൾ
ആരുമല്ലായിരുന്നു
ഇപ്പോഴും
ആരുമല്ല
പക്ഷെ
രണ്ടിനുമിടയിൽ
നിങ്ങൾ
ജീവിച്ചിരുന്നു
ഇപ്പോഴും ജീവിക്കുന്നു
നിങ്ങളുടെ
നന്മ
സ്നേഹം
ജാതി
മതം
ദൈവം
മാലിന്യങ്ങളായി
ആ
മുറിയിലുണ്ട്
ആ
മുറി തന്നെയാണ്
നിങ്ങളുടെ പൂന്തോട്ടം
ആ
മുറി തന്നെയാണ്
നിങ്ങളുടെ
സന്നിധാനം
അവിടെ
തന്നെയാണ്
മരണം
വരെ
നിങ്ങൾ
സ്വപ്നം കാണുന്നത്
നിങ്ങൾ
ഉപേക്ഷിച്ച
നിങ്ങളിൽ തന്നെയാണ്
നിങ്ങൾ മരിക്കുന്നത്
നിങ്ങൾ
ദൈവം
മരിച്ചു കിടക്കുന്ന
ആ
മുറിയിൽ
ഏറേനേരമിരുന്ന്
എല്ലാ
പുരാതന
അഴുക്കുകളെയും
ഒന്ന്
നനയ്ക്കൂ
എല്ലാ
വേദനയും
എല്ലാ
വിദ്വേഷവും
നിങ്ങളുടെ
കൈകളിലൂടെ
പുറത്തേക്ക്
ഒഴുകട്ടെ!
( എഴുത്തിലെ മഹാപ്രതിഭാസം
ഹെൽത്താ മുള്ളറോട് കടപ്പാട്)