പക്ഷികളാകുന്നവർ

എണ്ണിയാലൊടുങ്ങാത്ത
ചോദ്യക്കെട്ടുകളുടെ
തുരുമ്പ് കൂടുകളിൽ പിടിച്ചടയ്ക്കപ്പെട്ട ചില പക്ഷിപ്പെണ്ണുങ്ങളുണ്ട്.

കൂട് തുറന്നു കൊടുക്കുന്ന
ചില അപൂർവനിമിഷങ്ങളിലൊക്കെ
നീലാകാശത്തെ
ഉമ്മവെക്കാൻ കൊതിക്കുന്ന
നീണ്ട വാലുള്ള
ഓലേഞ്ഞാലികളാകുന്നു

കൂട്ടുകാരികളായവർ
മതിലപ്പുറം കടക്കുമ്പോൾ
ഇടത്തും വലത്തും
ഇടുപ്പിലെ നോവുകളെ വകഞ്ഞുമാറ്റി
പീലി വിരിച്ചാടുന്ന മയിൽപ്പേടകളാകുന്നു

മോഹങ്ങളുടെ കടൽപ്പരപ്പുകൾക്ക് മീതെ ഉല്ലാസങ്ങളുടെ
മീൻ തിളക്കങ്ങൾ
കൊത്തിയെടുത്ത്
ചിറകടിച്ചുപറക്കുന്ന കടൽക്കാക്കകളാകുന്നു

പരസ്പരം കൈകൾ കോർത്തുനടക്കുന്ന
തെരുവുകളുടെയും
ആളനക്കങ്ങളുടെയും
ആർപ്പുവിളികളിലേക്ക്
അങ്ങാടിക്കുരുവികളാകുന്നു

ഒരുമിച്ചുനുണയുന്ന
നാരങ്ങസർബത്തിനെക്കാളും
മധുരമുണ്ട് ഞങ്ങൾക്കെന്ന്
നെയ്യുറുമ്പുകളോടടക്കം പറയുന്ന
തേൻകുരുവികളാകുന്നു

നഗരവീഥികളുടെ
അരികോരങ്ങൾ പറ്റി
കഥകളുടെയും കവിതകളുടെയും കൈകൾകോർത്ത്
പകലുകളിലേക്ക്
ചിറകാഞ്ഞടിക്കുന്ന
ദേശാടനക്കിളികളാ
കുന്നു .

പരസ്പരം
ഉള്ളൊഴുക്കുകളുടെ
ആഴങ്ങളിലേക്ക്
മുങ്ങി നിവർന്ന്
നോവുകളുടെയും പുഞ്ചിരികളുടെയും
വെള്ളാരം കല്ലുകൾ പെറുക്കിയെടുക്കുന്ന
അരയന്നപ്പിടകളാകുന്നു

ഒടുവിൽ
ഇരുണ്ടു കൂടുന്ന
പകലറ്റത്തിന്റെ ചില്ലയിലേക്ക്
ചിറക് കുടഞ്ഞിരുന്ന്
യാത്രാമൊഴികൾu
തുന്നിച്ചേർക്കുമ്പോൾ
ഇനിയെന്ന്
നമ്മളുത്സവം കൊടിയേറുമെന്ന്
സ്വാതന്ത്ര്യത്തിന്റെ
വർണ്ണച്ചിറകുകൾ
പൊടുന്നനെയറ്റുപോകുന്നു..