ഞാൻ തിരിച്ചു പോയെന്ന്
ഉറപ്പായാൽ
എന്നേക്കുമായി
നീയീ വീടിനെ തുറന്നു വയ്ക്കണം
ജാലകങ്ങളും
വാതിലുകളും
മാത്രമല്ല
ഈ വീടിന്റെ
മൗനങ്ങൾ ശബ്ദങ്ങൾ
കിതപ്പുകൾ തുടിപ്പുകൾ
മണങ്ങൾ രുചികൾ
നിറങ്ങൾ താളങ്ങൾ
എല്ലാം
എന്നേക്കുമായി
തുറന്നിടണം
വിരഹങ്ങൾ
തുറന്നിടുമ്പോൾ
വിതുമ്പരുത്
കലഹങ്ങൾ
തുറന്നിടുമ്പോൾ
കലിതുള്ളരുത്
നമ്മൾ നനച്ചു വളർത്തിയ
മഴകൾ
വാരിപ്പുണർന്ന വെയിലുകൾ
തുറന്നിട്ടാലും
മിണ്ടാതിരിക്കും
അതങ്ങനെയിരിക്കട്ടെ
നമ്മുടെ
പശു
പ ട്ടി
പൂച്ച
തത്ത
എല്ലാത്തിനെയും
മധുരത്തോടെ
തുറന്നിടണം
പത്രക്കാരനെ
പാൽക്കാരിയെ
മീൻകാരനെ
തപാൽക്കാരനെ
പുനർജന്മങ്ങളിലേക്കും
വേണ്ട വിധം
തുറന്നിട്ടേക്കണം
നമ്മുടെ കുട്ടികളെ
പനി വരാതെ
ചുമ വരാതെ
തുറന്നു വയ്ക്കണം
കൂട്ടുകാരുടെ വിളികൾ
ബന്ധുക്കളുടെ സന്ദർശനങ്ങൾ
പറ്റുകാരുടെ തിരുത്തലുകൾ പലിശക്കാരുടെ
നോട്ടങ്ങൾ
തുരുമ്പ് തിന്നാതെ
തുറന്നിടണം
ഞാൻ തിരിച്ചു പോയെന്ന്
ഉറപ്പായാൽ
ഒരിക്കലും എന്നെ നീ
തുറന്നിടരുത്
ഞാൻ തിരിച്ചു
പോയെന്ന് ഉറപ്പായാൽ
ഏതു നേരവും
ജീവനോടെ നീയീ
വീട്ടിലുണ്ടെന്ന്
ഉറപ്പിക്കണം!
കൂട്ടുകാരീ
എന്നേക്കുമായി
തുറന്നിടുന്ന
ഉറപ്പുകളെ മാത്രം
കണ്ണു തെറ്റാതെ
കാൽ വഴുതാതെ
നോക്കിയിരിക്കണം