മൗനസഞ്ചാരങ്ങൾ

എത്രയെത്ര
നിലവിളികളാണ് ആരും കാണാതെ ശ്മശാനങ്ങളിലേക്ക്
മൗനസഞ്ചാരം നടത്തുന്നത്.

എത്രയെത്ര
പൊട്ടിച്ചിരികളാണ് അട്ടഹാസങ്ങളുടെ,
കോട്ടവാതിലുകൾ ക്കിടയിൽപ്പെട്ട്, ചതഞ്ഞരയുന്നത്.

എത്രയെത്ര
വേദനകളാണ്
ചോരയുറഞ്ഞു മരവിച്ചുണങ്ങിയ പൊറ്റകൾക്കുള്ളിലെ
പച്ചമുറിവുകളാവുന്നത്.

എത്രയെത്ര
പെണ്ണുടലുകളാണ് സഹനത്തിന്റെ ഏഴുകടലുകൾക്കപ്പുറം
മരണത്തിന്റെ ദ്വീപുകളിലേക്ക് പലായനം ചെയ്യുന്നത്.

പെൺകുട്ടികളേ, വസന്തം സ്വന്തമാക്കാനറിഞ്ഞിട്ടും
നിങ്ങളെന്താണ്
തളിർക്കാതെ കരിഞ്ഞുണങ്ങുന്നത്?

മഴനൂലുകളിഴചേർത്ത്
പെരുമഴപ്പായകൾ നെയ്തെടുക്കാമെന്നിരിക്കെ
നിങ്ങളെന്തിനാണ് വെയിൽസൂചികളെ ഭയക്കുന്നത്?

ഇഷ്ടക്കേടിന്റെ വിത്തടർന്ന്
മുഷിപ്പുകൾ മുളപൊട്ടുമ്പോൾ, നിങ്ങൾക്കിറങ്ങിപ്പോരാനുള്ള
ഒന്നാമത്തെ കടവിലെത്തണം.

വാക്കുകൾക്കുള്ളിൽനിന്ന് തീപ്പന്തങ്ങളാളുമ്പോൾ
ചിറകിനറ്റം കരിയാതെ,
പറക്കാനുള്ള കൊമ്പിലെത്തണം.

കയ്യൂക്കുകൾ മർദ്ദനശരങ്ങളെയ്യുമ്പോൾ
നീട്ടിവിരിച്ച
ചിറകൊച്ചകളിൽ
പുതിയ ആകാശം ചുംബിക്കണം

താലിപ്പൊന്നൊരു കരാറല്ലെന്ന്, ആണഹന്തകളിൽ കൊത്തിവെച്ച്
ജീവിതത്തിന്നിനിപ്പു നുണയാൻ പെണ്ണുങ്ങളെ നിങ്ങളിലെത്രപേർക്കറിയാം?