തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി കേസില്‍ നിലവില്‍ സര്‍ക്കാരിനേറ്റ ക്ഷീണം പരിഹരിക്കാന്‍ ജന സ്വീകാര്യതയും മികച്ച ട്രാക്ക് റെക്കോഡുമുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ തലപ്പത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ പേരാണ് ഈ സ്ഥാനത്തേക്ക് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നറിയുന്നു. നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) ഡയറക്ടറാണ് ജയകുമാര്‍. മുഖ്യമന്ത്രിയുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജയകുമാര്‍ മുന്‍ ചീഫ് സെക്രട്ടറി ആണെന്നതിനു പുറമെ മുന്‍പ് ശബരിമല സ്‌പെഷല്‍ കമ്മീഷണറുമായിരുന്നു. അതുപോലം സംശുദ്ധമായ പ്രതിച്ഛായയുടെ ഉടമയുമാണ്. അനുഭവ സമ്പത്തും ഭരണപരിചയവും വേണ്ടുവോളവുമുണ്ട്. ഇങ്ങനെ ഏതു പരിഗണനയിലും മികച്ച പേര് ഇദ്ദേഹത്തിന്റെയായിരിക്കുമെന്ന പൊതു വികാരമാണ് ഭരണപക്ഷത്തുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇദ്ദേഹത്തിന്റെ പേരിലേക്ക് ചര്‍ച്ചകള്‍ എത്തിച്ച്ത്. ജയകുമാറിന്റെ പേര് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനാണ് ഉത്തരവാദിത്വം. മുഖ്യമന്ത്രിയും യോജിക്കുന്നുവെങ്കില്‍ ഇന്നു തന്നെ പ്രഖ്യാപനവുമുണ്ടായേക്കും.
നിലവിലെ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിന്റെയും ബോര്‍ഡ് അംഗം എ അജികുമാറിന്റെയും കാലാവധി ഈ മാസം പന്ത്രണ്ടിന് അവസാനിക്കുകയാണ്. ഇതുവരെ മറ്റു പല പേരുകളുമായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്.

