സിപിഐ പാര്‍ട്ടി കോണ്‍ഗസ് തുടങ്ങി, ഡി രാജയ്‌ക്കെതിരേ കേരള ഘടകം, അനുകൂലമായി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍

ചണ്ഡീഗഡ്: ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഐയുടെ ഇരുപത്തഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്നു ചണ്ഡീഗഡില്‍ തുടക്കമാകുമ്പോള്‍ ദേശീയ സെക്രട്ടറി സ്ഥാനത്തു മൂന്നാമൂഴം പ്രതീക്ഷിക്കുന്ന ഡി രാജയ്‌ക്കെതിരേ കേരള ഘടകം പടയൊരുക്കം തുടങ്ങി. എഴുപത്തഞ്ച് വയസ് എന്ന പ്രായപരിധി കര്‍ശനമായി നടപ്പാക്കണമെന്ന പേരിലാണ് ഡി രാജയ്‌ക്കെതിരേ കേരളത്തിന്റെ പ്രതിനിധികള്‍ നിലപാടു ശക്തമാക്കുന്നത്. പുതിയ ദേശീയ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടത് ഈ പാര്‍ട്ടി കോണ്‍ഗ്രസിലാണ്.
നേതൃപദവിയില്‍ മുതിര്‍ന്ന നേതാക്കള്‍ കടിച്ചു തൂങ്ങുന്നത് ഒഴിവാക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യേണ്ട കരട് സംഘടനാ റിപ്പോര്‍ട്ടിലുണ്ട്. ഇതിനെ മുന്‍നിര്‍ത്തിയാണ് രാജയ്‌ക്കെതിരേയുള്ള നീക്കത്തിനു കേരള ഘടകം ചുക്കാന്‍ പിടിക്കുന്നത്. അതേസമയം ദേശീയ തലത്തില്‍ പാര്‍ട്ടിയെ മികച്ച നിലയില്‍ നയിച്ചതിന്റെയും ഇന്ത്യാ സഖ്യവുമായി നല്ലബന്ധം സൂക്ഷിക്കുന്നതിന്റെയും പേരില്‍ രാജയെ അവഗണിച്ചു കൂടാ എന്ന നിലപാടിലാണ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍. ഇവരെ ഒന്നിച്ച് അണിനിരത്തുന്നതും രാജ തന്നെയാണെന്നു കരുതപ്പെടുന്നു. രാജയുടെ പത്‌നിയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും മലയാളിയുമായ ആനി രാജയ്ക്കും കേരളഘടകത്തിന്റെ കടുംപിടുത്തത്തോട് എതിര്‍പ്പു തന്നെയാണുള്ളത്.
2019 മുതല്‍ ഡി രാജ തന്നെയാണ് സിപിഐയുടെ ദേശീയ സെക്രട്ടറി. ഇത്തവണ ഒരിക്കല്‍ കൂടി തിരഞ്ഞെടുക്കപ്പെട്ടാല്‍ പദവിയില്‍ തുടര്‍ച്ചയായി മൂന്നു ടേം തുടരുന്നതിന് അദ്ദേഹത്തിനു സാധിക്കും. രാജ സ്ഥാനമൊഴിയേണ്ടി വന്നാല്‍ എഐടിയുസിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗറിനാണ് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് സാധ്യത കല്‍പിക്കപ്പെടുന്നത്.