പശുക്കളുമായി പാര്‍ലമെന്റിലേക്ക് ഉത്തരാഖണ്ഡ് ശങ്കരാചാര്യ

മുംബൈ: പുതിയ പാര്‍ലമെന്റ് മന്ദിരം പശുക്കള്‍ക്കു നിഷിദ്ധമോ. പുതിയ വിവാദത്തിനു തിരികൊളുത്തി ഉത്തരാഖണ്ഡ് ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ ജീവനുള്ള പശുവിനെ തന്നെയായിരുന്നു അതിനുള്ളിലേക്കു പ്രവേശിപ്പിക്കേണ്ടതെന്നും പ്രതീകാത്മകമായി പശുരൂപം കടത്തിയതു ശരിയായില്ലെന്നുമാണ് ഉത്തരാഖണ്ഡ് ശങ്കരാചാര്യയുടെ വാദം. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി പ്രതിഷ്ഠിച്ച ചെങ്കോലില്‍ പശുവിന്റെ രൂപം കൊത്തിയിരുന്നതിനെയാണ് പ്രതീകാത്മക പശു പ്രവേശമായി അദ്ദേഹം വിശേഷിപ്പിച്ചത്.
യഥാര്‍ഥ പശുവിനെ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിപ്പിക്കാന്‍ വൈകിയാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പശുക്കളുമായി താന്‍ പാര്‍ലമെന്റിലെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പശുക്കളെ ആദരിക്കുന്നതിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു പ്രോട്ടോക്കോളിനു രൂപം നല്‍കണമെന്നും അതു ലംഘിക്കുന്നവര്‍ക്കു തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പാകെ ആവശ്യപ്പെട്ടു. പശുക്കളെ സംരക്ഷിക്കുന്നവരെ മാത്രമേ തിരഞ്ഞെടുപ്പുകളില്‍ വിജയിപ്പിക്കാവൂ എന്നും രാജ്യത്തെ മുഴുവന്‍ അറവുശാലകളും അടച്ചു പൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതാദ്യമായല്ല സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി വിവാദ പ്രസ്താവനകള്‍ നടത്തുന്നത്. കേദാര്‍ നാഥ് ക്ഷേത്രത്തില്‍ നിന്ന് 228 കിലോഗ്രാം സ്വര്‍ണം കാണാതായെന്ന വിവാദ പ്രസ്താവനയോടെയാണ് അടുത്തകാലത്ത് അദ്ദേഹം മാധ്യമങ്ങളുടെ സവിശേഷ ശ്രദ്ധയിലേക്കെത്തുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കു ലഭിച്ച ക്ഷണം നിരസിക്കുക വഴിയും അദ്ദേഹം മാധ്യമശ്രദ്ധയിലെത്തിയിരുന്നു. കേദാര്‍നാഥ് ക്ഷേത്രത്തിന്റെ മാതൃകയില്‍ ഡല്‍ഹിയില്‍ ക്ഷേത്രം നിര്‍മിച്ചതിലും അദ്ദേഹം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതാണ്.