ക്ഷേമനിധി സെസ് കുറച്ചു കിട്ടാന്‍ എകെജി സെന്റര്‍ നിര്‍മാണച്ചെലവില്‍ ഇരട്ടക്കണക്ക് വച്ചെന്നു സൂചന

തിരുവനന്തപുരം: സര്‍ക്കാരിലേക്ക് പിരിഞ്ഞു കിട്ടാനുള്ള ഓരോ പൈസയ്ക്കും വേണ്ടി കാല്‍ നൂറ്റാണ്ടു മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ക്കു വരെ സെസ് കുടിശികയുണ്ടെന്നു കാട്ടി നോട്ടീസ് അയയ്ക്കുന്ന ഗവണ്‍മെന്റിനു നേതൃത്വം നല്‍കുന്ന സിപിഎം ഇതേ സെസ് വെട്ടിക്കാന്‍ നടത്തിയ കള്ളക്കണക്ക് പുറത്ത്. നിര്‍മാണത്തൊഴിലാളികളുടെ പേരില്‍ ലേബര്‍ സെസായി അടയ്‌ക്കേണ്ട തുക കണക്കാക്കുന്നതിന് തൊഴില്‍ വകുപ്പിനു നല്‍കിയ കണക്കില്‍ പാര്‍ട്ടിയുടെ ആസ്ഥാന മന്ദിരമായ എകെജി സെന്ററിന്റെ മൊത്തം നിര്‍മാണച്ചെലവ് പത്തു കോടി രൂപ മാത്രം. എന്നാല്‍ സുപ്രീം കോടതിയില്‍ ഒരു കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകളില്‍ നിര്‍മാണച്ചെലവ് മുപ്പതു കോടി രൂപയും.

തൊഴിലാളി ക്ഷേമനിധിയിലേക്ക് നല്‍കേണ്ട തുക കുറച്ചെടുക്കാന്‍ നിര്‍മാണച്ചെലവ് ശരിക്കും ആയതിനെക്കാള്‍ മൂന്നിലൊന്നായി കുറച്ചു കാണിക്കുകയായിരുന്നെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സെസ് അനുസരിച്ച് അസസ്‌മെന്റ് ഓഫീസര്‍ എകെജി സെന്ററിന്റെ നിര്‍മാണച്ചെലവായി കണക്കുകൂട്ടിയിരിക്കുന്നത് 10,23,47,300 രൂപയാണ്. ഇതിന്റെ ഒരു ശതമാനമാണ് സെസ് ആയി അടയ്‌ക്കേണ്ടത്. ഇത് 10,23,473 രൂപയാണ്. അതിനു 10,235 രൂപ സര്‍വീസ് ചാര്‍ജായും നിശ്ചയിച്ചു. സുപ്രീം കോടതിക്കു നല്‍കിയ കണക്കാണ് സത്യമെങ്കില്‍ അതനുസരിച്ച് നല്‍കേണ്ട തുകയുടെ മൂന്നിലൊന്നു മാത്രമാണിത്.

പഴയ എകെജി സെന്ററിനാകട്ടെ ഇതുവരെ വസ്തുക്കരം നിശ്ചയിച്ചിട്ടു പോലുമില്ല. ആ കെട്ടിടം സ്ഥിതിചെയ്യുന്നത് പുറമ്പോക്കു ഭൂമിയിലായതിനാലാണിത്. പിന്നീട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഈ കെട്ടിടത്തിനു നികുതി ഒഴിവാക്കി കൊടുക്കുകയും ചെയ്തിരുന്നു.അതേ സമയം 32 സെന്റ് ഭൂമി വിലകൊടുത്തു വാങ്ങിയാണ് പുതിയ എകെജി സെന്റര്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ ഉടമസ്ഥത സംബന്ധിച്ചാണ് സുപ്രീം കോടതിയില്‍ ഒരു സ്വകാര്യ വ്യക്തി കേസ് കൊടുത്തിരിക്കുന്നത്. അതുമായി ബന്ധപ്പെട്ടാണ് യഥാര്‍ഥ നിര്‍മാണച്ചെലവ് പുറത്തു വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *