ബ്രിസബേന്‍: സെന്‍ട്രല്‍ കോസ്റ്റ് കൗണ്‍സിലറും ഭര്‍ത്താവും അടിപിടി കേസില്‍ പോലീസിന്റെ പിടിയിലായി. ആക്രമണത്തിലും പൊതുസ്ഥലത്ത് സംഘം ചേര്‍ന്ന് അടിപിടിയുണ്ടാക്കിയതിനുമാണ് കൗണ്‍സിലറായ കോറിന് ലമോണ്ടും ഭര്‍ത്താവ് മാര്‍ക്ക് ലമോണ്ടും അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇരുവര്‍ക്കും താല്‍ക്കാലിക ജാമ്യത്തില്‍ പുറത്തിറങ്ങാനുമായി.
പോലീസ് പറയുന്നതനുസരിച്ച് സംഭവം ഇങ്ങനെയാണ്. ഇവരുടെ വീടിനു മുന്നില്‍ കരിങ്കല്‍ ചീളുകള്‍ നിറച്ച വലിയ ചാക്കുകെട്ടുകള്‍ ക്രെയിന്‍ ഉപയോഗിച്ച് സമീപവാസിയായ വാറന്‍ ഹ്യൂഗ്സ് സ്ഥാപിച്ചുവത്രേ. കടലിന് അഭിമുഖമായാണ് ഹ്യൂഗ്സിന്റെ വീട്. കടലെടുത്ത് മണല്‍തിട്ട പോകാതിരിക്കാനാണ് ചാക്കുകെട്ടുകള്‍ അടുക്കിയത്. ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്ന കൗണ്‍സിലറും ഭര്‍ത്താവും ചേര്‍ന്ന് സംഗതി മുഴുവന്‍ വീഡിയോയില്‍ ചിത്രീകരിക്കുകയായിരുന്നു. ഹ്യൂഗ്സും കൂട്ടരും പടംപിടുത്തം പാടില്ലെന്നായി. അതേ തുടര്‍ന്നാണ് വാക്കുതര്‍ക്കവും പിന്നീട് ആക്രമണവും നടന്നത്. ഹ്യൂഗ്സിനും കൂട്ടര്‍ക്കും നേരിയ തോതില്‍ ദേഹോപദ്രവമേറ്റെങ്കിലും ചികിത്സ വേണ്ടന്ന നിലപാടിലായിരുന്നു. എന്നാലും സ്ഥലത്തെത്തിയ പോലീസ് ഇരുവരോടും പോലീസ് സ്റ്റേഷനിലെത്തണമെന്ന് ആവശ്യപ്പെടുകയും പിന്നീട് അറസ്റ്റു ചെയ്യുകയുമായിരുന്നു.
ഒരു വീഡിയോയെടുപ്പിന് അടിപിടി, കൗണ്‍സിലറും ഭര്‍ത്താവും അകത്തായി
