ചുമ പോകാന്‍ കൊടുത്ത മരുന്ന് കഴിച്ച് വൃക്ക പോയി 11 കുട്ടികള്‍ മരിച്ചു, 10 പേര്‍ ചികിത്സയില്‍

ഭോപ്പാല്‍: രാജസ്ഥാനിലും മധ്യപ്രദേശിലുമായി കഫ്‌സിറപ്പ് മരണങ്ങള്‍ തുടരുന്നു. ഇന്നലെ ഒമ്പതു കുട്ടികള്‍ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ പതിനൊന്നായി. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് ഇന്നലെ ഒമ്പതു കുട്ടികള്‍ മരിക്കുന്നത്. മരുന്നു സുരക്ഷിതമാണെന്നു നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ മരുന്നു കുറിച്ച ഡോക്ടര്‍ അതു പരസ്യമായി കുടിച്ചതേ അറിയൂ, അബോധാവസ്ഥയിലായി. അദ്ദേഹം ഉള്‍പ്പെടെ പത്തു പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. വിഷാംശമുള്ള ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയ കഫ്‌സിറപ്പാണ് സംഭവങ്ങളില്‍ വില്ലനായി മാറിയതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അനുമാനം.
തുടക്കത്തില്‍ പനിയും ചുമയുമായി വന്ന കുട്ടികള്‍ക്കെല്ലാം ചികിത്സകനായ ഡോ. താരാചന്ദ് ജോഷി ഇതേ കഫ്‌സിറപ്പാണ് കുറിച്ചു നല്‍കിയത്. ആദ്യം പനിമാറിയെങ്കിലും ഒരാഴ്ചയ്ക്കകം വീണ്ടും വരികയായിരുന്നു. ഒപ്പം മൂത്രതടസവുമുണ്ടായി. ഇവരില്‍ പലരും പിന്നീട് മരണത്തിനു കീഴടങ്ങി. വൃക്കകളില്‍ അണുബാധയുണ്ടായതാണ് മരണകാരണം. ഇതിനു കാരണമാകട്ടെ ചുമമരുന്നിലെ രാസവസ്തുക്കളും. മരുന്നിന്റെ വിതരണം നിരോധിക്കുകയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരിക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍.