ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ബി ആര് ഗവായ്ക്കെതിരേ ഷൂ എറിഞ്ഞ അഭിഭാഷകന് രാകേഷ് കിഷോറിനെതിരേ കോടതിയലക്ഷ്യ നടപടി വരുന്നു. സുപ്രീം കോടതി ബാര്‍ അസോസിയേഷന് നല്കിയ പരാതിയില്‍ അറ്റോര്‍ണി ജനറല്‍ ആര് വെങ്കട രമണിയാണ് അനുമതി നല്‍കിയത്. രാകേഷ് കിഷോറിനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയെ അറിയിച്ചു.
എന്നാല്‍ ചീഫ് ജസ്റ്റിസ് തന്നെ നടപടി വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടുപോയാല്‍ ഷൂ എറിഞ്ഞവര്‍ക്ക് വീണ്ടും പ്രശസ്തി ലഭിക്കുകയായിരിക്കില്ലേയെന്നും സുപ്രീം കോടതി ആരാഞ്ഞു. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങള്‍ മുഖേന വീണ്ടും കോടതിയെ അപകീര്‍ത്തിപ്പെടുത്തുകയാണ് രാകേഷ് കിഷോര്‍ ചെയ്യുന്നതെന്ന് സുപ്രീം കോടതി ബാര്‍ അസോസിയേഷനും കേന്ദ്ര സര്‍ക്കാരും അറിയിച്ചു. ഇതേ തുടര്‍ന്ന് ഈ ആവശ്യം ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവര്‍ അംഗീകരിക്കുകയായിരുന്നു. ദീപാവലിക്കു ശേഷം കോടതി സമ്മേളിക്കുമ്പോഴായിരിക്കും ഈ ഹര്‍ജി പരിഗണിക്കുക.

