കൊച്ചി: വിമാനത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ യാത്ര നിഷേധിക്കപ്പെട്ട യാത്രക്കാരന്‍ 1.22 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിമാന കമ്പനിയോടു നിര്‍ദേശിച്ച് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി വിധി. അഞ്ചു വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എറണാകുളം ജില്ലയിലെ നെട്ടൂരില്‍ താമസിക്കുന്ന ടി പി സലിംകുമാര്‍ എന്ന യുവാവാണ് പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
2019 ഡിസംബര്‍ 14ന് മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് ടിക്കറ്റെടുത്ത് വിമാനത്തില്‍ ബോര്‍ഡിങ് വരെ അനുവദിച്ച ശേഷമാണ് സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് യുവാവിനോടു വിമാനത്തില്‍ നിന്നു പുറത്തിറങ്ങാന്‍ വിമാന കമ്പനിയുടെ ഉത്തരവാദപ്പെട്ടവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതു സംബന്ധിച്ചു നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്ന് യുവാവ് കോടതിയില്‍ ബോധിപ്പിച്ചു. കമ്പനിയുടെ പൂര്‍ണചെലവില്‍ അതേ ദിവസം തന്നെ വേറെ വിമാനത്തില്‍ യാത്ര ഉറപ്പാക്കുമെന്നു പറഞ്ഞെങ്കിലും പിറ്റേ ദിവസത്തെ വിമാനത്തിലാണ് യാത്ര അനുവദിച്ചത്. അതുവരെയുള്ള ഭക്ഷണത്തിന്റെയും താമസത്തിന്റെയും ചെലവുകള്‍ വഹിക്കുമെന്നു പറഞ്ഞെങ്കിലും അതുമുണ്ടായില്ല.
അതേ സമയം സാങ്കേതിക പ്രശ്‌നങ്ങളാണ് വിമാനം മാറ്റിയതിനു കാരണമെന്ന് വിമാന കമ്പനിയുടെ അധികൃതര്‍ കോടതിയെ അറിയിച്ചുവെങ്കിലും ആ വാദം കോടതിക്കു സ്വീകാര്യമായില്ല. പതിനായിരം രൂപയുടെ യാത്രാ വൗച്ചറും അത്രയും രൂപയുടെ നഷ്ടപരിഹാരവും നല്‍കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. യുവാവ് അതു നിരസിക്കുകയും ചെയ്തു. ഇതോടെയാണ് 1.22 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഡി ബി ബിനു, വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നവര്‍ അടങ്ങിയ കോടതി ഉത്തരവാകുന്നത്.

