ന്യൂഡല്‍ഹി: യാതൊരു മുന്നറിയിപ്പുമില്ലാതെ എച്ച്1ബി വീസയുടെ ഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തുകയും പുതുക്കിയ നിരക്ക് ഇന്നു പ്രാബല്യത്തിലാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഈ മേഖലയിലാകെ അങ്കലാപ്പ് ബാധിച്ച ദിവസമായിരുന്നു ഇന്നലെ. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ ആശങ്കാകുലരായ യാത്രക്കാരുടെ തിരക്കായിരുന്നു. നവരാത്രി ഉത്സവവും മറ്റും പ്രമാണിച്ച് ഇന്ത്യയിലേക്കു പോകാനെത്തിയവര്‍ മുഴുവന്‍ യാത്ര റദ്ദാക്കുന്ന തിരക്കിലായിരുന്നു. പാതി വഴിവരെ യാത്ര ചെയ്ത് ട്രാന്‍സിറ്റ് വിമാനത്താവളങ്ങളിലെത്തിയവര്‍ തിരികെ അമേരിക്കയിലേക്കു മടങ്ങാന്‍ ടിക്കറ്റൊപ്പിക്കുന്ന പെടാപ്പാടില്‍. ഇതിനകം അവധിക്ക് ഇന്ത്യയിലെത്തിയ ആള്‍ക്കാരാകട്ടെ അവധി റദ്ദാക്കി തിരികെ ജോലിസ്ഥലത്തേക്ക് എത്താനുള്ള ബദ്ധപ്പാടില്‍. ഇതോടെ വിമാനക്കമ്പനികള്‍ അമേരിക്കയിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ ഇരട്ടിയിലധികമാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. വന്നിട്ടു തിരിച്ചു പോകാന്‍ കഴിയാതെ വന്നാലോ എന്ന ആശങ്കയാണ് ഈ അവസ്ഥയ്ക്കു മുഴുവന്‍ വഴിവച്ചത്. ടെക് കമ്പനികളെല്ലാം അവധിയിലുള്ള എച്ച1ബി വീസക്കാരോട് എത്രയും വേഗം തിരികെയെത്തി ജോലിയില്‍ ജോയിന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
നാട്ടിലേക്കു പോരാനായി വിമാനത്തില്‍ ബോര്‍ഡ് ചെയ്തിരുന്ന യാത്രക്കാര്‍ പോലും തിരിച്ചിറങ്ങണമെന്നാവശ്യപ്പെട്ട് വിമാനത്തില്‍ തിരക്കുണ്ടാക്കിയെന്നാണ് സാന്‍ഫ്രാന്‍സിസ്കോ വിമാനത്താവളത്തില്‍ നിന്നു വാര്‍ത്ത വരുന്നത്. ദുബായ് വിമാനത്താവളത്തില്‍ പാതി വഴിയെത്തിയവര്‍ പോലും അവിടെ തിരിച്ചിറങ്ങി മടക്കടിക്കറ്റിനു പരിശ്രമിക്കുകയാണത്രേ. അമേരിക്കന്‍ തൊഴില്‍ വിപണിയെ അമേരിക്കക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്താനുള്ള ട്രംപിന്റെ നീക്കമാണ് വീസയുടെ ഫീസ് വര്‍ധന. ഇത് ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികളെയായിരിക്കും ഏറ്റവും ബാധിക്കുകയെന്നു പറയപ്പെടുന്നു. കാരണം എച്ച്1ബി വീസ ഉടമകളില്‍ എഴുപതു ശതമാനത്തിനു മേലും ഇന്ത്യയില്‍ നിന്നുള്ളവരാണ്.
എച്ച്1ബി വീസ ഫീസ് വര്‍ധനയില്‍ എങ്ങും ആശങ്ക, അവധി യാത്ര റദ്ദാക്കാനും അവധി തന്നെ റദ്ദാക്കി മടങ്ങാനും തിരക്ക്

