വാഷിങ്ടന്‍: എച്ച് 1 ബി വീസയുടെ ഫീസ് ഒരു ലക്ഷം ഡോളറായി വര്‍ധിപ്പിച്ച നടപടിയില്‍ പൂര്‍ണ വിശദീകരണവുമായി അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യുരിറ്റി വകുപ്പ്. ഇതനുസരിച്ച് അമേരിക്കയ്ക്കു പുറത്തു നിന്ന് ആദ്യമായി ഏച്ച്1ബി വീസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കു മാത്രമായിരിക്കും ഒരു ലക്ഷം ഡോളര്‍ ഫീസ് അടയ്‌ക്കേണ്ടതായി വരിക. ബാക്കിയുള്ള അപേക്ഷകര്‍ക്കെല്ലാം ഏതെങ്കിലും രീതിയിലുള്ള ഇളവുകള്‍ ബാധകമായിരിക്കുമെന്ന് വിശദീകരണക്കുറിപ്പില്‍ പറയുന്നു.
മറ്റ് ഏതു വീസ വിഭാഗത്തില്‍ നിന്ന് എച്ച്1ബി വീസയിലേക്ക് മാറുന്നതിനും പഴയ രീതിയില്‍ ഫീസ് അടച്ചാല്‍ മതിയാകും. വിദ്യാര്‍ഥി വീസയ്ക്കുള്‍പ്പെടെയാണിത്. നിലവില്‍ എച്ച്1ബി വീസയില്‍ അമേരിക്കയില്‍ കഴിയുന്നവര്‍ക്ക് അതില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും സ്റ്റേറ്റസ് മാറുന്നതിനും നീട്ടിയെടുക്കുന്നതിനും പുതുക്കുന്നതിനുമൊന്നും പുതിയ ഫീസ് ബാധകമായിരിക്കില്ല. നിലവില്‍ എച്ച1ബി വീസയില്‍ അമേരിക്കയില്‍ കഴിയുന്നവര്‍ പുറത്തേക്കു യാത്ര ചെയ്യുന്നതിനും തിരികെ അമേരിക്കയിലേക്കു പ്രവേശിക്കുന്നതിനും പുതിയ ഫീസ് അടയ്‌ക്കേണ്ട ആവശ്യമില്ല. സാധുവായ എച്ച1ബി വീസയില്ലാതെ രാജ്യത്തിനു പുറത്ത് കഴിയുന്നവര്‍ പുതിയ വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ മാത്രമായിരിക്കും പുതിയ തുകയും ബാധകമാകുക. ഇക്കൂട്ടര്‍ക്ക് രാജ്യത്തിനു പുറത്തിരുന്ന തന്നെ എച്ച്1ബി വീസയ്ക്കുള്ള ഫീസ് ഓണ്‍ലൈനായി അടയ്ക്കുന്നതിനു വേണ്ട ലിങ്ക് ലഭ്യമാക്കുകയും ചെയ്യും.
അമേരിക്കയിലെ ഏറ്റവും വലിയ ബിസിനസ് സംഘടനയായ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് വീസ ഫീസ് വര്‍ധനവിനെതിരേ കോടതിയെ സമീപിച്ച് രണ്ടു ദിവസം മാത്രം പിന്നിടുമ്പോഴാണ് വിശദീകരണക്കുറിപ്പ് ഹോംലാന്‍ഡ് സെക്യുരിറ്റി വിഭാഗം പുറത്തിറക്കുന്നത്. വാഷ്ങ്ടന്‍ ജില്ലാ കോടതിയിലാണ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഹര്‍ജി എത്തിയിരിക്കുന്നത്. അമിതമായ വീസ ഫീസ് ഈടാക്കുന്നത് അമേരിക്കയുടെ ബിസിനസ് താല്‍പര്യങ്ങളെ ഗുരുതരമായ വിധത്തില്‍ ബാധിക്കുന്നതാണെന്നും ഹര്‍ജിയില്‍ ഇക്കൂട്ടര്‍ വ്യക്തമാക്കുന്നു. ഫീസ് വര്‍ധന നിമിത്തം ഒന്നുകില്‍ ഉല്‍പാദനച്ചെലവ് വന്‍തോതില്‍ കൂടുന്നതിനു സമ്മതിക്കേണ്ടിവരും അല്ലെങ്കില്‍ പുറത്തു നിന്നുള്ള റിക്രൂട്ട്‌മെന്റ് നിര്‍ത്തിവയ്‌ക്കേണ്ടി വരും-ചേംബര്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ആഭ്യന്തരമായി മികച്ച വിദഗ്ധരെ കണ്ടെത്താനാവുന്ന സാഹചര്യമല്ല അമേരിക്കയിലുള്ളതെന്നും അവര്‍ ബോധിപ്പിക്കുന്നു.

