ട്രെയിനും കൊള്ളാം, സ്റ്റേഷനും കൊള്ളാം, റെയില്‍വേയില്‍ സേവനം മാത്രം കട്ടപ്പൊക

ന്യൂഡല്‍ഗഹി: ഇന്ത്യന്‍ റെയില്‍വേ ഇത്ര കുത്തഴിഞ്ഞതോ. ആര്‍ക്കും ഈ സംശയം തോന്നുന്നത്ര വലിയ പരാതിക്കടലാണ് റെയില്‍വേക്കെതിരേയുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ട്രെയിനുകളെയും റെയില്‍വേ സ്റ്റേഷനുകളെയും കുറിച്ച് റെയില്‍വേക്കു ലഭിച്ചത് 61 ലക്ഷത്തിലധികം പരാതികള്‍. വിവരാവകാശപ്രകാരം ലഭിച്ച രേഖയിലാണ് അമ്പരപ്പിക്കുന്ന ഈ കണക്കുള്ളത്. 2023-24 സാമ്പത്തിക വര്‍ഷം റെയില്‍വേക്ക് 28.96 ലക്ഷം പരാതികളും 2024-25ല്‍ 32 ലക്ഷം പരാതികളുമാണ് ലഭിച്ചിരിക്കുന്നത്. അതായത് ഒരു വര്‍ഷത്തിനുള്ളിലെ പരാതികളില്‍ പോലും പതിനൊന്നു ശതമാനം വര്‍ധന. ട്രെയിന്‍ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ 18 ശതമാനം വര്‍ധനയാണ് വന്നതെങ്കില്‍ റെയില്‍വേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പരാതികളില്‍ 21 ശതമാനം കുറവുണ്ട്. അതായത് സ്റ്റേഷനുകള്‍ കൂടുതല്‍ ഉത്തരവാദിത്വബോധം സ്വീകരിക്കുമ്പോഴും ട്രെയിന്‍ സര്‍വീസുകള്‍ കുത്തഴിഞ്ഞ അവസ്ഥയിലേക്കു പോകുകയാണ്. ട്രെയിന്‍ സുരക്ഷയെ സംബന്ധിച്ച പരാതികളിലെ വര്‍ധനയാണ് ഞെട്ടിക്കുന്നത്. 64 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കാര്യത്തിലുള്ളത്.