കപ്പല്‍ നിര്‍മാണത്തില്‍ ആഗോള താരമായി മാറാന്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഒരുങ്ങുന്നു

കൊച്ചി: പുതിയ മൂന്നു വമ്പന്‍ വികസന പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങവേ, കപ്പല്‍ നിര്‍മാണത്തില്‍ ആഗോള താരമാകാന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് തയാറെടുക്കുന്നു. ബ്ലോക്ക് ഫാബ്രിക്കേഷന്‍ സൗകര്യം, (ബ്ലോക്ക് ഫാബ്രിക്കേഷന്‍ ഫെസിലിറ്റി-ബിഎഫ്എഫ്), എല്‍എന്‍ജി കപ്പലുകളുടെ നിര്‍മാണം, തമിഴ്‌നാട്ടില്‍ ക്ലസ്റ്റര്‍ യൂണിറ്റുകള്‍ എന്നിവയാണ് നിലവില്‍ വികസനത്തിന്റെ അടയാളങ്ങളായി അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നത്.

കൊച്ചിക്കടുത്ത് പൂതുവൈപ്പില്‍ എണ്‍പത് ഏക്കര്‍ സ്ഥലത്താണ് ബിഎഫ്എഫ് സ്ഥാപിക്കുന്നത്. 3700 കോടി രൂപയാണ് ഇതിനായി ചെലവു പ്രതീക്ഷിക്കുന്നത്. ഇതിനായി സ്ഥലം ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. കപ്പല്‍ സാങ്കേതിക വിദ്യാരംഗത്തെ ആഗോള പ്രശസ്തമായ കൊറിയയിലെ എച്ച്ഡി കൊറിയ ഷിപ്പ് ബില്‍ഡിങ് ആന്‍ഡ് ഓഫ്‌ഷോര്‍ എന്‍ജിനിയറിങ്ങിന്റെ സഹകരണത്തോടെയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. ഇവിടെ 310 മീറ്റര്‍ ആഴത്തിലുള്ള ഡ്രൈഡോക്കില്‍ വമ്പന്‍ കപ്പലുകള്‍ പോലും നിര്‍മിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കപ്പലിന്റെ നിര്‍മാണത്തിനാവശ്യമായ വിവിധ ഭാഗങ്ങള്‍ ഒരു സ്ഥലത്ത് തയ്യാറാക്കി അവയെല്ലാം പിന്നീട് വേറൊരിടത്തു സംയാജിപ്പിച്ച് കപ്പലാക്കിമാറ്റുന്ന സാങ്കേതികവിദ്യയാണ് പുതുവൈപ്പിലേക്ക് ഉദ്ദേശിക്കുന്നത്.

എല്‍എന്‍ജി കപ്പലുകളുടെ നിര്‍മാണത്തിനായി ലോകത്തിലെ തന്നെ മുന്‍നിരക്കാരായ ഫ്രാന്‍സിലെ സിഎംഎസിജിഎം ഗ്രൂപ്പുമായാണ് കൊച്ചിന്‍ ഷിപ്പയാര്‍ഡ് കരാറിലേര്‍പ്പെടുന്നത്. ഇതിന്റെ ധാരണാപത്രം കഴിഞ്ഞ ദിവസമാണ് ഒപ്പുവച്ചത്. ഇനി അന്യോന്യം യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. നിലവില്‍ കൊറിയയും ജപ്പാനുമാണ് എല്‍എന്‍ജി കപ്പലുകള്‍ കൂടുതലായി നിര്‍മിക്കുന്നത്. ആ വിപണിയിലേക്കാണ് കൊച്ചിന്‍ ഷി്പ്പയാര്‍ഡും പ്രവേശിക്കാനൊരുങ്ങുന്നത്.