ശീതള പാനീയ രാജാവ് കൊക്കകോള ഇന്ത്യയില്‍ ഐപിഒയുമായി ഉടന്‍ എത്തുന്നു

മുംബൈ: ലോകത്തിലെ ഏറ്റവും ജനപ്രിയ ശീതളപാനീയ ബ്രാന്‍ഡ് ആയ കൊക്കകോള ഇന്ത്യയില്‍ പ്രാഥമിക ഓഹരി വില്‍പന(ഐപിഒ)യ്ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് ലിമിറ്റഡ് എന്ന കൊക്കകോളയുടെ ഇന്ത്യന്‍ ഘടകമാണ് ഐപിഓയ്ക്ക് തയാറെടുക്കുന്നത്. രാജ്യത്തെ ഒരു മുന്‍നിര ബാങ്കുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. എന്നാല്‍ ചര്‍ച്ചകള്‍ ആദ്യ ഘട്ടത്തില്‍ മാത്രമാണെന്നു അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ കൊക്കകോളയുമായി നേരിട്ട് ബന്ധപ്പെട്ട് ബ്ലൂംബര്‍ഗ് പറയുന്നു.

ഓഹരി വില്‍പനയിലൂടെ ഒരു ബില്യന്‍ ഡോളര്‍ (88000 കോടി രൂപ)സമാഹരിക്കാനാണ് കമ്പനിയുടെ പദ്ധതി. അടുത്ത വര്‍ഷം ആദ്യത്തോടെയായിരിക്കും ഐപിഒ ഓഹരി വിപണിയിലെത്തുക. ഓഹരികളുടെ എണ്ണവും സമയവും മാത്രമാണ് ഇനി നിശ്ചയിക്കാനുള്ളത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ലോകത്തെ വന്‍കിട കമ്പനികളില്‍ ഒന്നു കൂടി ഇന്ത്യന്‍ ഓഹരി വിപണിയില്‍ വ്യാപാരം ചെയ്തു തുടങ്ങും. ആഗോള ബ്രാന്‍ഡായ എല്‍ജി ഇലക്ട്രോണിക്‌സിന്റെ ഐപിഒ വന്‍ലാഭത്തിലാണ് ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത്.

1997ലാണ് ഹിന്ദുസ്ഥാന്‍ കൊക്കകോള ലിമിറ്റഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്നു മുതല്‍ ഇവരുടെ ബ്രാന്‍ഡുകളാണ് ഇന്ത്യയിലെ മാര്‍ക്കറ്റ് ലീഡര്‍മാര്‍. 20 ലക്ഷം ചെറുകിട കച്ചവടക്കാരും 2000 വിതരണക്കാരും 5200 തൊഴിലാളികളുമുണ്ട്. ബെംഗളൂരു ആസ്ഥാനമായ കമ്പനിക്ക് പന്ത്രണ്ട് സംസ്ഥാനങ്ങളിലായി പതിനാല് ഫാക്ടറികളാണുള്ളത്.കൊക്കകോള, സ്‌പ്രൈറ്റ്, മിനിറ്റ് മെയ്ഡ്, തംസ് അപ്, മാസ, കിന്‍ലി, ലിംക, ഫാന്റ, സ്മാര്‍ട്ട് വാട്ടര്‍ എന്നിവയാണ് വിപണിയിലുള്ള ജനപ്രിയ ഉല്‍പ്പന്നങ്ങള്‍.