ന്യൂഡല്‍ഹി: ബുക്കിങ് കഴിഞ്ഞ് നാല്പത്തെട്ട് മണിക്കൂറിനുള്ളില്‍ അധികചാര്‍ജുകള്‍ ഈടാക്കാതെ വിമാന ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യാനും ഭേദഗതി ചെയ്യാനും സൗകര്യമൊരുക്കുന്നതിന് സിവിള്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (ഡിജിസിഎ). സിവിള്‍ ഏവിയേഷനുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട കാര്യങ്ങളുടെ കരട് പട്ടികയിലാണ് റീഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏറെക്കാലമായി ഇന്ത്യയിലെ വിമാനയാത്രക്കാര്‍ നേരിടുന്ന പ്രശ്നമായിരുന്നു ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യുമ്പോള്‍ പല തോതില്‍ തുക നഷ്ടപ്പെടുന്നത്. ഇതിനു പുറമെയും ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ആശങ്കകളുമാണ് സാധാരണ യാത്രക്കാര്‍ക്കുള്ളത്.
ഡിജിസിഎയുടെ നിര്‍ദേശമനുസരിച്ച് ട്രാവല്‍ ഏജന്റുമാര്‍ മുഖേന ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കുള്ള റീഫണ്ട് സംബന്ധമായ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് എയര്‍ലൈനുകളായിരിക്കും. കാരണം ഏജന്റുമാരെ എയര്‍ലൈനുകളുടെ പ്രതിനിധികളായാണ് കണക്കാക്കുന്നത്. അത്തരം അവസരങ്ങളില്‍ റീഫണ്ടിന്റെ തുക 21 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഉപഭോക്താവിന് ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല എയര്ലൈനുകള്ക്കുള്ളതാണ്. എന്നാല്‍ ബുക്കിങ് നടത്തി 24 മണിക്കൂറിനുള്ളില്‍ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ എയര്‍ലൈനുകള്‍ അവ തിരുത്താനായി യാത്രക്കാരനില്‍ അധിക തുക ഈടാക്കാന്‍ പാടില്ലെന്നു കരടു നിര്‍ദേശങ്ങളിലുണ്ട്. ബുക്കിങ് കഴിഞ്ഞ 48 മണിക്കൂര്‍ സമയത്തേക്ക് യാത്രക്കാരന് ലുക്ക്-ഇന്‍ സൗകര്യം ലഭ്യമാക്കണം. ഈ കാലയളവില്‍ ടിക്കറ്റില്‍ ഭേദഗതി വരുത്തിയാല്‍ അതിന് അധിക തുക ഈടാക്കാന്‍ പാടില്ല.
എന്നാല്‍ എയര്‍ലൈനുകളുടെ സ്വന്തം സൈറ്റ് വഴിയോ ആപ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുകയും പുറപ്പെടാന്‍ അഞ്ചു ദിവസം മാത്രം ശേഷിക്കുന്ന ആഭ്യന്തര വിമാനങ്ങള്‍ക്കും പതിനഞ്ച് ദിവസം മാത്രം ശേഷിക്കുന്ന അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും ഈ സൗകര്യം ലഭ്യമാക്കേണ്ടതില്ലെന്നും നിര്‍ദേശങ്ങളിലുണ്ട്. അല്ലാത്ത സാഹചര്യങ്ങളില്‍ തിരുത്തലുകള്‍ക്ക് 48 മണിക്കൂറിനു ശേഷം യാത്രക്കാരന് പ്രത്യേകം ഫീസ് അടയ്ക്കേണ്ടതായി വരും. അടിയന്തര മെഡിക്കല്‍ സാഹചര്യങ്ങള്‍ കാരണമാണ് യാത്രക്കാരന് ടിക്കറ്റ് റദ്ദാക്കുന്നതെങ്കില്‍ വിമാനകമ്പനികള്‍ ടിക്കറ്റ് തിരികെ വാങ്ങുകയോ ക്രെഡിറ്റ് ഷെല്‍ സൗകര്യം നല്‍കുകയോ വേണമെന്നും നിര്‍ദേശങ്ങളിലുണ്ട്.
ഈ നിര്‍ദേശങ്ങളില്‍ നവംബര്‍ 30 വരെ അഭിപ്രായം അറിയിക്കുന്നതിന് സമയം അനുവദിച്ചിട്ടുണ്ട്. അതിനു ശേഷമായിരിക്കും അന്തിമ തീരുമാനം നിലവില്‍ വരുന്നത്.

