താമസം, ഭക്ഷണം, യാത്ര-മൂന്നും ഒന്നിക്കുന്ന എയ്‌റോലോഞ്ചിന് ഒരു വയസ്

കൊച്ചി: പ്രവാസികളുടെ യാത്രകളില്‍ ഏറെ പ്രയോജനപ്രദമെന്നു തെളിഞ്ഞ സിയാല്‍ 0484എയ്‌റോ ലോഞ്ചിന് ഒരു വയസ് പൂര്‍ത്തിയാകുന്നു. നെടുമ്പാശേരി വിമാനത്താവളത്തിനു ചേര്‍ന്ന് സിയാലിന്റെ സ്വന്തം മേല്‍നോട്ടത്തില്‍ താമസത്തിനും വിശ്രമത്തിനും അവസരമൊരുക്കുന്ന എയ്‌റോ ലോഞ്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിനകം 25000 അതിഥികളാണ് ഇവിടുത്തെ സേവനവും ആതിഥ്യവും അനുഭവിച്ചത്. അതിലേറെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിതം കരുപ്പിടിപ്പിക്കുന്ന പ്രവാസികളാണ്.
താമസത്തിനുള്ള മുറികള്‍, സ്യൂട്ടുകള്‍, ഭക്ഷണശാലകള്‍, ബോര്‍ഡ് റൂമുകള്‍, കോഫി ഷോപ്പുകള്‍ എന്നിവയെല്ലാം വിശാലമായ എയ്‌റോ ലോഞ്ചിലുണ്ട്. മുറികള്‍ തന്നെ ആറു മണിക്കൂര്‍, പന്ത്രണ്ടു മണിക്കൂര്‍, ഇരുപത്തിനാലു മണിക്കൂര്‍ എന്നു വ്യത്യസ്ത സമയങ്ങളിലേക്ക് വ്യത്യസ്ത നിരക്കുകളില്‍ ലഭ്യമാണ്. അതിനാല്‍ തന്നെ യാത്രയ്ക്കു മുമ്പും യാത്രയ്ക്കു ശേഷവും വിശ്രമിക്കാന്‍ പോലും പറ്റുന്ന സ്ഥലമായി ഇതിനെ ഉപയോഗിക്കുന്നവരേറെ. ഉത്തരവാദിത്വമുള്ള ഭക്ഷണം ലഭ്യമായ റസ്‌റ്റോറന്റും കോഫി ഷോപ്പുകളും ഇതിനുള്ളിലുണ്ട്. താമസത്തിനാണെങ്കില്‍ 37 മുറികളും നാലു സ്യൂട്ടുകളും. മൂന്നു ബോര്‍ഡ് റൂമുകളും രണ്ടു കോണ്‍ഫറന്‍സ് ഹാളുകളും വേറെയുമുണ്ട്. പല സ്ഥലങ്ങളില്‍ നിന്നായി ബോര്‍ഡ് മീറ്റിംഗുകള്‍ക്കും മറ്റും കൊച്ചിയിലെത്തുന്നവര്‍ ഇപ്പോള്‍ എയ്‌റോ ലോഞ്ചിലെ കോണ്‍ഫറന്‍സ് റൂമുകള്‍ ഉപയോഗിക്കുന്നതു ശീലമാക്കുകയാണ്. വന്നിറങ്ങി മീറ്റിങ് കഴിഞ്ഞ് അതുപോലെ തിരിച്ചു പോകുന്നവര്‍ക്കും ഇതിന്റെ പ്രയോജനമേറെ.