ഓസ്ട്രേലിയയില്‍ ക്രിസ്തുമതത്തിന്റെ വളര്‍ച്ച താഴേക്കായിരിക്കുമ്പോള് പോലും യുവാക്കള്‍ ആത്മീയതയിലേക്കെത്തുന്നതിന്റെ അളവ് കൂടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. പതിമൂന്നിനും ഇരുപത്തെട്ടിനും മധ്യേ പ്രായമുള്ള ജെന്‍ സെഡ് എന്നു വിളിക്കപ്പെടുന്ന തലമുറയിലെ പുരുഷന്മാര് കൂടുതലായി മതാത്മകതയെ പുണരാന്‍ തയാറെടുക്കുന്നതായി 2022ലെ ഓസ്ട്രേലിയന്‍ കമ്യൂണിറ്റി സര്‍വേ വ്യക്തമാക്കുന്നു. നാഷണല്‍ ചര്‍ച്ച് ലൈഫ് സര്‍വേ റിസര്‍ച്ച് (എന്സിഎല്എസ്ആര്) ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ സര്‍വേ നടത്തുന്നത്. 3090 പേരില്‍ നിന്നാണ് കഴിഞ്ഞ സര്‍വേക്കായി വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. കഴിഞ്ഞ സര്‍വേയിലെ ഏറ്റവും ശ്രദ്ധേയമായൊരു കണ്ടെത്തല്‍ ജെന്‍ സെഡിലെ സ്ത്രീകളെക്കാള്‍ മതാത്മകതയിലേക്കു തിരിയുന്നത് പുരുഷന്മാരാണെന്നതാണ്.
ജെന്‍ സെഡിലെ 26 ശതമാനം പുരുഷന്മാരും വിശ്വസിക്കുന്നത് ഓരോരുത്തര്‍ക്കും വ്യക്തിപരമായി സമീപിക്കാവുന്നൊരു ദൈവമുണ്ടെന്നാണ്. അതേസമയം ഇതേ പ്രായഗ്രൂപ്പിലെ സ്ത്രീകളില്‍ പതിനെട്ടു ശതമാനമേ ഇങ്ങനെ വിശ്വസിക്കുന്നുള്ളൂ. ഓസ്ട്രേിലിയയിലെ ക്രിസ്ത്യന്‍ സഭകളെ കുറിച്ചും ഈ സര്‍വേ പഠിക്കുന്നുണ്ട്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സര്‍വേയാണ് ചര്‍ച്ച് ലൈഫ് റിസര്‍ച്ചിന്റെ പ്രധാന പ്രവര്‍ത്തനം. 2021 ലെ സര്‍വേയില്‍ വ്യക്തമായൊരു ശ്രദ്ധേയമായ കാര്യം സഭകളെക്കുറിച്ചാണ്. ആകെ ജനസംഖ്യയില്‍ 43.9 ശതമാനം മാത്രമേ ക്രിസ്ത്യാനികളെന്നു സ്വയം വിശേഷിപ്പിക്കാന്‍ താല്പര്യപ്പെടുന്നുള്ളൂ. 2016ല്‍ ഇക്കൂട്ടരുടെ എണ്ണം 52.1 ശതമാനമായിരുന്നു. 2011ലാകട്ടെ 61.1 ശതമാനവും. അതായത് പത്തു വര്‍ഷം കൊണ്ട് തങ്ങളുടെ ക്രിസ്ത്യന്‍ വ്യക്തിത്വം വെളിപ്പെടുത്താന്‍ തയാറുള്ളവരുടെ എണ്ണം 17.2 ശതമാനം കുറഞ്ഞിരിക്കുന്നു.
ജെന്‍ സെഡ് വിഭാഗത്തില്‍ നടത്തിയ കഴിഞ്ഞ സര്‍വേയുടെ കണ്ടെത്തലുകള്‍ ഇപ്രകാരം
വ്യക്തിപരമായി സമീപിക്കാവുന്നൊരു ദൈവമുണ്ടെന്നു വിശ്വസിക്കുന്നവര്‍: പുരുഷന്മാര്-26 ശതമാനം, സ്ത്രീകള്‍-18 ശതമാനം
എന്തോ ഒരുതരം ജീവചൈതന്യം ഉണ്ടെന്നു വിശ്വസിക്കുന്നവര്‍: പുരുഷന്മാര്-26 ശതമാനം, സ്ത്രീകള്‍-34 ശതമാനം
സ്വന്തമായി ദൈവത്തിനനുകൂലമായോ പ്രതികൂലമായോ നിലപാടില്ലാത്തവര്‍: പുരുഷന്മാര്-30 ശതമാനം, സ്ത്രീകള്‍-26 ശതമാനം
ദൈവമോ ജീവചൈതന്യമോ എന്തെങ്കിലും തരം ആത്മാവോ ഇല്ലെന്നു വിശ്വസിക്കുന്നവര്‍: പുരുഷന്മാര്-18 ശതമാനം, സ്ത്രീകള്‍-23 ശതമാനം.
ഡെയ്കിന് സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗം അധ്യാപികയായ ഡോ. അന്ന ഹലാഫോഫ് പറയുന്നതനുസരിച്ച് മൊത്തത്തില്‍ ക്രിസ്തുമതം ക്ഷീണിക്കുമ്പോള്‍ പോലും ചില ക്രിസ്തുമത വിഭാഗങ്ങള്‍ വളര്‍ച്ച കാണിക്കുന്നുവെന്നാണ്. ഏതാനും പെന്തക്കോസ്ത് വിഭാഗങ്ങള്‍, കരിസ്മാറ്റിക് ഗ്രൂപ്പുകള്‍, ചില നവ സിദ്ധാന്ത വിഭാഗങ്ങള്‍ എന്നിവയാണ് ഇങ്ങനെ വളര്‍ച്ച കാണിക്കുന്നത്. അതിലേറെ ചിന്തനീയമായ കാര്യം ഓസ്ട്രേലിയയിലെ ജെന്‍ സെഡ് വിഭാഗം മതത്തിലൂടെയല്ലെങ്കിലും ആത്മീയതയിലേക്കു തിരിയുന്നു എന്നതാണെന്ന് ഫോഫ്മാന്‍ പറയുന്നു. അതിനാലാണ് എന്തോ ഒരുതരം ജീവചൈതന്യം നിവിലുണ്ടെന്നു വിശ്വസിക്കുന്നവരുടെ എണ്ണം കൂടുന്നതെന്ന് ഇവര്‍ പറയുന്നു.
ഓസ്ട്രേലിയയില്‍ ക്രിസ്തുമതം പിന്നോട്ട്, ആത്മീയതയില്‍ ജെന്‍ സെഡ് മുന്നോട്ട്
