സിഡ്‌നി: ചൈനയില്‍ നിന്നും ലൈംഗിക വൈകൃതങ്ങളില്‍ താല്‍പര്യമുള്ള പുരുഷന്‍മാരെ ഉദ്ദേശിച്ച് അനധികൃതമായി കുട്ടികളുടെ രൂപത്തിലുള്ള സെക്‌സ് ടോയ്കള്‍ ഓസ്‌ട്രേലിയയിലേക്ക് ഓണ്‍ലൈന്‍ വിപണനം വഴി എത്തിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ചൈനീസ് ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസുകളായ ടെമു (Temu), ഷീന്‍ (Shein) എന്നിവയാണ് ഇത്തരം ബൊമ്മകളുടെ രൂപത്തിലുള്ള സെക്‌സ് ടോയ്കള്‍ ലഭ്യമാക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. മുഴുവന്‍ ഉടലോടു കൂടിയ പാവകള്‍ അയയ്ക്കുന്നതിലെ നിയമലംഘനം ഒഴിവാക്കാന്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളായാണ് പലപ്പോഴും ഇവ ഓണ്‍ലൈനില്‍ എത്തിക്കുന്നത്..
ഓസ്‌ട്രേലിയയിലെ നിയമപ്രകാരം, ബാല രതിയെ അനുകരിക്കുന്ന വിധത്തിലുള്ള ബൊമ്മകള്‍ കൈവശം വയ്ക്കുന്നതും അവയ്ക്കായി പരസ്യം ചെയ്യുന്നതും ഓര്‍ഡര്‍ ചെയ്യുന്നതും തപാല്‍ മുഖേന അയയ്ക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമെല്ലാം നിയമവിരുദ്ധമാണ്. ഈ പ്രശ്‌നം മറികടക്കുന്നതിനായാണ് വിവിധ ശരീരഭാഗങ്ങളായി കയറ്റി അയയ്ക്കുന്നത്. തലമുടി അലങ്കാരത്തിനും വസ്ത്രാലങ്കാരത്തിനും പാദരക്ഷകളുടെ വിപണനത്തിനും സൗന്ദര്യ വര്‍ധക വസ്തുക്കളുടെ വിപണനത്തിനുമൊക്കെയുള്ള ആള്‍രൂപങ്ങള്‍ (മാനക്വിന്‍സ്) എന്ന പേരിലാണ് ഇവ ആവശ്യക്കാരിലെത്തുന്നത്.
ഈ ശരീരഭാഗങ്ങളെല്ലാം യഥാര്‍ഥ കൗമാരക്കാരികളുടെ ശരീരവലുപ്പത്തോടു നിരക്കുന്ന അതേ അളവുകളില്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. മാനക്വിനുകളായി ഉപയോഗിക്കുമ്പോള്‍ യഥാര്‍ഥ ശരീര വലുപ്പം തന്നെ ആവശ്യമാണെന്ന ന്യായമാണ് ഇതില്‍ മുതലെടുക്കുന്നത്. എന്നാല്‍ സാധാരണ മാനക്വിനുകള്‍ ദൃഢമായ വസ്തുക്കള്‍ കൊണ്ടാണ് നിര്‍മിക്കുന്നതെങ്കില്‍ ഇവയുടെ നിര്‍മാണം മൃദുവായ സിലിക്കണ്‍ ഉപയോഗിച്ചാണ് എന്നതാണ് വ്യത്യാസമെന്ന് ബാലരതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പറയുന്നു. ചൈന, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇവ പ്രധാനമായും നിര്‍മിക്കപ്പെടുന്നത്. ശരീര വലുപ്പം കുട്ടികളുടേതാണെങ്കിലും സ്വകാര്യഭാഗങ്ങളുടെ വലുപ്പം ഇതിനു നിരക്കുന്നതാകണമെന്നില്ല. വിവിധ ശരീരഭാഗങ്ങളായി വാങ്ങുന്നവര്‍ക്ക് ഇവ അസംബിള്‍ ചെയ്ത് യഥാര്‍ഥ ശരീരത്തിനു തുല്യമാക്കുന്ന രീതിയും മറ്റും ഓണ്‍ലൈനില്‍ പഠിപ്പിച്ചു കൊടുക്കുമെന്നു പരസ്യം ചെയ്യുന്നവരുമുണ്ട്.

