ബെയ്ജിങ്: ഒരു കാലത്ത് ജനസംഖ്യ കുറയ്ക്കാന്‍ പെടാപ്പാടു പെട്ട ചൈന ഇപ്പോള്‍ ജനസംഖ്യ ഉയര്‍ത്താന്‍ ആനുകൂല്യങ്ങളുമായി ദമ്പതികളെ സമീപിക്കുന്നു. ഒരു കുട്ടിക്കു പുറമെ രണ്ടാമതൊരു കൂട്ടി കൂടി പിറന്നാല്‍ പത്തു ലക്ഷം രൂപ വരെ പിഴയീടാക്കിയിരുന്ന കാലം ഓര്‍മയാകുന്നു. ഇപ്പോള്‍ രണ്ടാമത്തെ കുട്ടിക്ക് ആദ്യ മൂന്നു വര്‍ഷം ഒന്നര ലക്ഷം രൂപ നല്‍കുമെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ വാഗ്ദാനം.
ഏറെക്കാലം ലോകത്ത് ജനസംഖ്യയില്‍ ഏറ്റവും മുന്നില്‍ നിന്നിരുന്ന ചൈനയില്‍ ഇപ്പോള്‍ ജനസംഖ്യ കുത്തനെ താഴേക്കു പോകുന്നതാണ് വീണ്ടുവിചാരത്തിനും മനംമാറ്റത്തിനും കാരണം. സത്യത്തില്‍ ജനന നിയന്ത്രണത്തിനു സര്‍ക്കാര്‍ കൊണ്ടുവന്ന ശിക്ഷാ നടപടികളെ പേടിച്ചല്ല ദമ്പതിമാര്‍ സന്താന രഹിത ദാമ്പത്യത്തിലേക്ക് തിരിഞ്ഞത് എന്നതാണ് വാസ്തവം. പ്രസവിക്കാനും കഷ്ടപ്പെട്ട് കുട്ടികളെ വളര്‍ത്താനും പുതിയ തലമുറ കടുത്ത വിമുഖതയാണ് പുലര്‍ത്തുന്നത്. ഇതുകൊണ്ടു തന്നെയാണ് സര്‍ക്കാരിന്റെ ആനുകൂല്യങ്ങളൊന്നും വിലപ്പോകാതായിരിക്കുന്നത്.
ചൈനയില്‍ കുട്ടികളെ വളര്‍ത്തുന്നത് ഏറെ ചെലവേറിയ കാര്യമാണെന്നതാണ് വാസ്തവം. സര്‍ക്കാര്‍ സാമ്പത്തിക സഹായമായി നല്കുന്ന 3600 യുവാന്‍ ഈ ചെലവു നേരിടുന്നതില്‍ ഒന്നുമല്ലെന്ന് പറയപ്പെടുന്നു. ഒരു കുട്ടിയെ പതിനെട്ടു വയസു വരെ വളര്‍ത്താന്‍ 5.38 ലക്ഷം യുവാന്‍ ആവശ്യമായി വരുമെന്നാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ പറയുന്നത്. ഇന്ത്യയിലെ 65 ലക്ഷം രൂപയ്ക്കു തുല്യമായ തുകയാണിത്. ചൈനയിലെ ആളോഹരി ജിഡിപിയുടെ ആറിരട്ടിയാണത്രേ ഈ തുക. പിന്നെങ്ങനെ ദമ്പതിമാര്‍ മക്കളെ ജനിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യും. അതു തന്നെ ചൈന നേരിടുന്ന യഥാര്‍ഥ പ്രശ്നം.
ഒന്നിലധികം കുഞ്ഞെങ്കില്‍ സമ്മാനം, ചൈന നിലപാടുമാറ്റുന്നു
