അപൂര്‍വധാതുക്കളില്‍ പിടിമുറുക്കി ചൈന, ഇറക്കുമതി തീരുവ 100 ശതമാനമാക്കി ട്രംപ്

വാഷിങ്ടന്‍: ചൈനയില്‍ നിന്നുള്ള അപൂര്‍വ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് തിരിച്ചടിയായി ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് നൂറുശതമാനം തീരുവ ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വാണിജ്യ ബന്ധം നേരെയാക്കുന്നതിനു ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വീണ്ടും ഏറ്റുമുട്ടലിന്റെ പാത തുറക്കപ്പെടുന്നത്. നേരത്തെ ചൈനീസ് ഉല്‍പ്പന്നങളുടെ ഇറക്കുമതിക്ക് 145 ശതമാനം തീരുവ ഏര്‍പ്പെടുത്തി അമേരിക്കയും തിരിച്ച് നൂറു ശതമാനം തീരുവ ഏര്‍പ്പെടുത്തി ചൈനയും ബലാബലം പരീക്ഷിക്കുകയായിരുന്നു. പിന്നീടത് മുപ്പതു ശതമാനമായി അമേരിക്കയും പത്തു ശതമാനമായി കുറച്ച് ചൈനയും തീരുമാനമെടുത്തിരുന്നു. അവിടെ നിന്നാണ് ചൈന ഏറ്റുമുട്ടലിന്റെ വഴി വീണ്ടും തിരഞ്ഞെടുത്തിരിക്കുന്നത്. അപൂര്‍വ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണം ഡിസംബര്‍ ഒന്നിനാണ് നിലവില്‍ വരുന്നതെങ്കില്‍ ചൈനയ്‌ക്കെതിരായ ട്രംപിന്റെ തീരുവ വര്‍ധന നവംബര്‍ ഒന്നിനു തന്നെ നിലവില്‍ വരും. ഇലക്ട്രിക് വാഹനങ്ങള്‍, പ്രതിരോധ ഉപകരണങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന് ചൈനയില്‍ നിന്നുള്ള ആപൂര്‍വ ധാതുക്കള്‍ അമേരിക്കയ്ക്കു കൂടിയേ തീരൂ. ഡിസംബര്‍ ഒന്നുമുതല്‍ ഇവ വിദേശത്തേക്കു കൊണ്ടുപോകണമെങ്കില്‍ വിദേശ കമ്പനികള്‍ പ്രത്യേകം അനുവാദം വാങ്ങണം. ഈ ധാതുക്കളുടെ ഖനനം, സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയുടെ കയറ്റുമതിക്കും നിയന്ത്രണമുണ്ട്.