ബെയ്ജിങ്: യൂറോപ്യന്‍ യൂണിയനും നാറ്റോ അംഗരാജ്യങ്ങളും ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ നൂറു ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തണമെന്ന ആഹ്വാനത്തിനു പിന്നാലെ യുദ്ധത്തില്‍ ചൈന എല്ലാക്കാലത്തും റഷ്യയുടെ വിശ്വസ്ത സുഹൃത്താണെന്ന ട്രംപിന്റെ ആരോപണം കൂടി വന്നതോടെ ഇതിനു കൃത്യമായ മറുപടിയുമായി ചൈന. ചൈന യുദ്ധങ്ങള്‍ ആസുത്രണം ചെയ്യാറില്ല, യുദ്ധങ്ങളില്‍ പങ്കെടുക്കാറുമില്ല എന്നാണ് ഇക്കാര്യത്തില്‍ ചൈന മറുപടിയായി പറഞ്ഞത്. യുദ്ധത്തിന് ഒരുനാളും പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. ഉപരോധം ഏര്‍പ്പെടുത്തുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളൂവെന്ന് ട്രംപിന്റെ ആഹ്വാനത്തെ പരാമര്‍ശിച്ചുകൊണ്ട് ചൈനീസ് വിദേശകാര്യ മന്ത്രിയും അഭിപ്രായപ്പെട്ടു. സ്ലോവേനിയയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെയാണ് വിദേശകാര്യ മന്ത്രി വാങ് യീ ഇങ്ങനെ പറഞ്ഞത്.
നാറ്റോ സഖ്യത്തിലെ അംഗരാജ്യങ്ങള്‍ക്കും ലോകത്തിനും എന്ന് സംബോധന ചെയ്താണ് ട്രംപിന്റേതായ പ്രസ്താവന കഴിഞ്ഞ ദിവസം വരുന്നത്. ‘നാറ്റോ രാജ്യങ്ങള്‍ എല്ലാവരും കൂടി ആവശ്യപ്പെടുകയാണെങ്കില് റഷ്യയ്ക്കെതിരേ പ്രധാന കാര്യങ്ങളിലെല്ലാം ഉപരോധം ഏര്‍പ്പെടുത്താന്‍ ഞാന്‍ തയാറാണ്. നിങ്ങളും അങ്ങനെ തന്നെ ചെയ്യണമെന്നു മാത്രം. അതായത് എല്ലാ നാറ്റോ രാജ്യങ്ങളും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ തയാറാകണം. യുദ്ധത്തില്‍ ജയിക്കണമെന്ന നാറ്റോയുടെ താല്പര്യം അത്ര പൂര്‍ണമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതു തന്നെ. ഇത് എനിക്കു ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. ഇതുവഴി സന്ധി സംഭാഷണങ്ങളില്‍ നമ്മുടെ വശം വളരെ ദുര്‍ബലമായി പോകുന്നു. എന്നു മാത്രമല്ല നമ്മുടെ വിലപേശല്‍ ശക്തി തീരെ ഇല്ലെന്നാവുകയും ചെയ്യുന്നു.’
ഇതിനു പുറമെയാണ് ജി7 രാജ്യങ്ങളോടും ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരേ നൂറുശതമാനം ഇറക്കുമതി തീരുവ ചുമത്തണമെന്ന നിര്‍ദേശം ട്രംപ് മുന്നോട്ടു വയ്ക്കുന്നത്.
ചൈനയ്ക്കു യുദ്ധങ്ങളില്ല, ആസൂത്രണവുമില്ലെന്ന് ട്രംപിനു മറുപടി
