ക്യാമറക്കണ്ണുകളുടെ സംരക്ഷണം കുട്ടികള്‍ക്ക്, ചൈല്‍ഡ് കെയര്‍ സെന്ററുകളില്‍ സിസിടിവി വരുന്നു

സിഡ്‌നി: ന്യൂ സൗത്ത് വെയില്‍സിലെ ചൈല്‍ഡ് കെയര്‍ സെന്ററുകളില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നു. ആദ്യപടിയായി ഏതെങ്കിലും തരത്തില്‍ സുരക്ഷിതത്വക്കുറവുണ്ടെന്നു കണ്ടെത്തിയിരിക്കുന്ന ചൈല്‍ഡ് കെയര്‍ സെന്ററുകളിലായിരിക്കും സിസിടിവി സംവിധാനം ഏര്‍പ്പെടുത്തുക. ന്യൂ സൗത്ത് വെയില്‍സിനു പുറമെ വിക്ടോറിയയും ഇതേ തീരുമാനം സ്വീകരിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലാകട്ടെ ആവശ്യാനുസരണം ചിലയിടത്തെങ്കിലും സിസിടിവി സംവിധാനം നടപ്പാക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനവ്യാപകമായി തീരുമാനത്തിലെത്തിയിട്ടില്ല.
നിലവില്‍ സിസിടിവി ക്യാമറ സംവിധാനവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയ്ക്ക് രാജ്യവ്യാപകമായ നയം നിലവിലില്ലാത്തതിനാല്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും ആവശ്യാനുസരണം തീരുമാനമെടുക്കാവുന്ന സാഹചര്യമാണ്. എന്നാല്‍ കുട്ടികളുടെ സുരക്ഷിതത്വത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം വളരെ കൂടിയ സ്ഥലങ്ങളില്‍ സിസിടിവി ഏര്‍പ്പെടുത്തുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നു സാമ്പത്തിക സഹായം ലഭ്യമാക്കുന്നുണ്ട്. ക്യാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ പോലും അവയുടെ ഉപയോഗത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.
രാജ്യവ്യാപകമായി ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ സിസിടിവി ക്യാമറഏര്‍പ്പെടുത്തുന്നതിനുള്ള പരീക്ഷണ പദ്ധതി ഇക്കൊല്ലം തന്നെ വരുമെന്നാണ് അറിയുന്നത്. തുടക്കത്തില്‍ നിലവില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള 300 കേന്ദ്രങ്ങളിലായിരിക്കും ഇത്തരത്തില്‍ ക്യാമറകള്‍ സ്ഥാപിക്കുക. ഇവയും നിലവില്‍ സിസിടിവിയുള്ള മറ്റു കേന്ദ്രങ്ങളും ഒരു സാഹചര്യത്തിലും ദൃശ്യങ്ങള്‍ ലൈവ് സ്ട്രീമിങ് നടത്തുന്നത് അനുവദിക്കില്ല. മാതാപിതാക്കളുടെ ആവശ്യത്തിനായി പോലും സ്ട്രീമിങ് അനുവദനീയമല്ല. എന്നാല്‍ ഇവയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സൂക്ഷിച്ചു വയ്ക്കുന്നതിനു തടസമില്ല. അന്വേഷണം ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ അവ ഉപയോഗിക്കുകയും ചെയ്യാം. സ്വകാര്യത ആവശ്യമായി വരുന്ന സ്ഥലങ്ങളായി ബാത്‌റൂമുകള്‍, നാപ്പി മാറുന്ന സ്ഥലങ്ങള്‍, ഉറക്കമുറി എന്നിവിടങ്ങളില്‍ ഒരു സാഹചര്യത്തിലും ക്യാമറ അനുവദനീയമല്ല. മാതാപിതാക്കള്‍ ആവശ്യപ്പെട്ടാല്‍ പോലും ഇക്കാര്യം അനുവദിക്കാനാവില്ല.